Spread the love

ലക്നൗവിലെ നാഷ്ണൽ അർബൻ എക്സ്പോയിൽ ഗുരുവായൂരും

ലക്നൗവിൽ ഒക്ടോബർ 5, 6, 7 തീയതികളിൽ നടക്കുന്ന നാഷ്ണൽ അർബൻ എക്സ്പോയിൽ പ്രദർശിപ്പിക്കുന്നതിന് ഗുരുവായൂർ അമൃത് പദ്ധതിയുടെ പ്രവൃത്തികൾ തിരഞ്ഞെടുത്തു. പദ്ധതിയുടെ പൂർത്തീകരിച്ച ടെമ്പിൾ സർക്യൂട്ട് എൻഗ്രനേജ് ആൻഡ് പിൽഗ്രിം പെഡസ്ട്രിയൻ നെറ്റ് വർക്ക് എന്നിവയുടെ മിനിയേച്ചർ നിർമാണം ആർത്താറ്റ് എക്സ്ട്രീം ബിൽഡേഴ്സ് പൂർത്തിയാക്കി. അമൃത് മിഷൻ നഗരകാര്യ ഡയറക്ടർ ഡോ.രേണുക രാജ് ഗുരുവായൂർ നഗരസഭയിലെത്തി മിനിയേച്ചർ വിലയിരുത്തി.

എക്സ്പോയിൽ ഇന്ത്യയിൽ നിന്ന് 35 അമൃത് നഗരങ്ങളിലെ പദ്ധതികളുടെ മിനിയേച്ചറുകളാണ് പ്രദർശിപ്പിക്കുന്നത്. ഇതിൽ കേരളത്തിൽ നിന്ന് ഗുരുവായൂർ നഗരസഭയും കൊച്ചിൻ കോർപ്പറേഷനുമാണ് പ്രദർശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 218.3 കോടി രൂപയുടെ പദ്ധതിയാണ് ഗുരുവായൂരിൽ നടപ്പിലാക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. അമൃത് പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ കെ എൻ മാധവൻ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരൻ മുഹാസ് മുഹമ്മദലി എന്നിവരാണ് മിനിയേച്ചറുമായി ലക്നൗവിലേക്ക് പോയിട്ടുള്ളത്. പുതിയതായി നടപ്പിലാക്കുന്ന അമൃത് 2.0യിലേക്കും ഗുരുവായൂർ നഗരസഭ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Leave a Reply