Spread the love

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹസമര നവതി ആഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന്

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതിയുടെ ഭാഗമായി ഇന്ന് (ഡിസംബർ 18) ‘ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സാമൂഹികപ്രസക്തി’ എന്ന വിഷയത്തിൽ ചരിത്ര സെമിനാറും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ദേവസ്വം പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. ദേവസ്വം പുതുതായി നിർമ്മിച്ച തെക്കേ നടയിലെ പന്തൽ സമർപ്പണം, ശ്രീവത്സം കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ പ്രതിഭാ സമർപ്പണം, ചുമർചിത്ര പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വരച്ച പത്മനാഭ കഥകൾ ആലേഖനം ചെയ്ത ചുമർചിത്രങ്ങളുടെ നേത്രോന്മീലനം, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച എൽഇഡി വാൾ സമർപ്പണം, ക്ഷേത്ര കൂത്തമ്പലം നവീകരണത്തിന് ലഭിച്ച യുനെസ്കോ പുരസ്കാര സമർപ്പണം, ഗുരുവായൂർ സത്യാഗ്രഹത്തിന് സാക്ഷ്യം വഹിച്ച പി ചിത്രൻ നമ്പൂതിരിപ്പാടിന് ആദരം നൽകൽ തുടങ്ങി വിവിധ പദ്ധതികളാണ് ശനിയാഴ്ച രാവിലെ 8.30ന് മന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത്.

ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ടി എൻ പ്രതാപൻ എംപി, എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ വിശിഷ്ടാതിഥികളാകും. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന ചരിത്ര സെമിനാറിൽ പി ചിത്രൻ നമ്പൂതിരിപ്പാട്, റിട്ടയേഡ് ജസ്റ്റിസ് കെ സുകുമാരൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ എന്നിവർ സംസാരിക്കും. പ്രൊഫ. എം എം നാരായണൻ സെമിനാർ മോഡറേറ്റ് ചെയ്യും. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ ബി മോഹൻദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply