Spread the love

ദേശീയ ശ്രദ്ധപിടിച്ചുപറ്റി ഗുരുവായൂരിന്റെ നഗര വികസന മാതൃക

ക്ഷേത്ര നഗരിയില്‍ 133.845 കോടിയുടെ അമൃത് നഗരവികസന പദ്ധതികള്‍ പൂര്‍ത്തിയായി

കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ ‘ആസാദി കാ അമൃത്’ മഹോത്സവത്തില്‍ നഗര വികസന പദ്ധതികളെ പരിചയപ്പെടുത്താന്‍ ഗുരുവായൂര്‍ നഗരസഭയ്ക്ക് ക്ഷണം. നഗരവികസന പദ്ധതികളില്‍ മാതൃകാപരമായ മുന്നേറ്റം കൈവരിച്ച ദേശീയശ്രദ്ധ ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പരിപാടിയിലേക്കാണ് ക്ഷേത്രനഗരിയും ക്ഷണിക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് ഗുരുവായൂര്‍ നഗരസഭയും കൊച്ചി കോര്‍പറേഷനുമാണ് പദ്ധതി വിശദീകരണത്തിനായി കേന്ദ്രം തിരഞ്ഞെടുത്തവ. ഗുരുവായൂരില്‍ ഇതുവരെ 133.845 കോടി രൂപയുടെ അമൃത് പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

നഗര വികസനത്തിനായി നടപ്പിലാക്കിവരുന്ന അമൃത് പദ്ധതിയില്‍ കേരളത്തില്‍ നിന്ന് ആറ് കോര്‍പ്പറേഷനുകളും പാലക്കാട്, ആലപ്പുഴ, ഗുരുവായൂര്‍ നഗരസഭകള്‍ ഉള്‍പ്പടെ 9 അമൃത് നഗരങ്ങളാണുള്ളത്. ഗുരുവായൂര്‍ നഗരസഭയില്‍ 33 അമൃത് പദ്ധതികളിലായി 218.3 കോടിയുടെ വികസന പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. സമഗ്ര കുടിവെള്ള പദ്ധതി, സീവറേജ് /സെപ്‌റ്റേജ് മാനേജ്‌മെന്റ്, സ്റ്റോം വാട്ടര്‍ ഡ്രെയിനേജ്, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്, ഗ്രീന്‍ സ്‌പേസ് ആന്റ് പാര്‍ക്ക് എന്നിങ്ങനെ അഞ്ച് സെക്ടറുകളിലാണ് പദ്ധതികള്‍. കൂടാതെ നഗരസഭകളുടെ കാര്യശേഷി വികസനവും റീഫോസും പദ്ധതിയുടെ ഭാഗമാണ്. 150.88 കോടിയുടെ 6 പദ്ധതികള്‍ കേരള വാട്ടര്‍ അതോറിറ്റി 67.44 കോടിയുടെ 28 പ്രവൃത്തികള്‍ നടപ്പിലാക്കുന്നത് ഗുരുവായൂര്‍ നഗരസഭയുമാണ്.

കരുവന്നൂര്‍ പുഴയിലെ അനുബന്ധ പ്രവൃത്തികള്‍, കരുവന്നൂരില്‍ നിന്നും ഗുരുവായൂര്‍ ശുദ്ധീകരണശാല വരെയുള്ള പൈപ്പ് സ്ഥാപിക്കല്‍, കോട്ടപ്പടി ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്ന് ഗുരുവായൂരിലെ മൂന്ന് സോണിലേക്കുള്ള പമ്പിങ് മെയിന്‍ സ്ഥാപിക്കല്‍, ടാങ്ക് നിര്‍മാണം, പൂക്കോട്, തൈക്കാട്, ഗുരുവായൂര്‍ എന്നീ മൂന്ന് സോണുകളിലേക്കുള്ള ഡിസ്ട്രിബ്യൂഷന്‍ പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയവയാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍. നഗരസഭയുടെ ഗ്രീന്‍ സ്‌പേസ് ആന്റ് പാര്‍ക്ക് പദ്ധതിയില്‍ ഭഗത് സിംഗ് ഗ്രൗണ്ട്, പൂക്കോട് സാംസ്‌കാരികനിലയം ഗ്രൗണ്ട്, ബ്രഹ്‌മകുളം പാര്‍ക്ക്, പൂക്കോട് പാര്‍ക്ക്, ചൂല്‍പ്പുറം പാര്‍ക്ക്, ചാവക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് തുടങ്ങിയ 6 പാര്‍ക്കുകള്‍ക്കാണ് 5.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. കൂടാതെ 7 കുളങ്ങളുടെ നവീകരണത്തിനായി 10 കോടി രൂപയും ലഭിച്ചു. ഇതില്‍ തരകന്‍ ലാസര്‍ കുളത്തിലെ 95 ശതമാനം നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ലക്‌നൗവില്‍ നടക്കുന്ന അമൃത് പ്രദര്‍ശനത്തില്‍ ക്ഷേത്രനഗരിയില്‍ നടപ്പിലാക്കിയ അമൃത് വികസന പദ്ധതികളുടെ വിവരങ്ങളാണ് പ്രദര്‍ശിപ്പിക്കുക. നടപ്പാതകളുടെ നിര്‍മാണം, കാനകള്‍, ഓട സംവിധാനം, ടെമ്പിള്‍ സര്‍ക്യൂട്ട്, കുളം സംരക്ഷണം, പാര്‍ക്ക്, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഡോക്യുമെന്റ് ചെയ്യുന്നതിന് നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം ഗുരുവായൂരില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ 27, 28, 29 തീയതികളിലായാണ് പ്രദര്‍ശനം.

Leave a Reply