നഗര വികസന കാര്യങ്ങളിൽ ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂരിലെ ഗ്രാമ-നഗര പ്രദേശങ്ങളെ ഒന്നിച്ചു കൊണ്ട് നടത്തുന്ന എല്ലാ വികസന പ്രവർത്തനങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നു തന്നെ വ്യത്യസ്തമാണ്. ഗുരുവായൂർ ടൗൺഹാളിൽ നഗരസഭയുടെ ഡ്രെയിനേജ് ആൻഡ് ഫുട്പാത്ത് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃത് പദ്ധതിയിൽ 17.38 കോടി ചെലവഴിച്ചാണ് ഡ്രെയിനേജ് ആൻഡ് ഫുട്പാത്ത് നിർമ്മാണം പൂർത്തീകരിച്ചത്. ഗുരുവായൂർ ഇന്നർ ഔട്ടർ റോഡുകളിലും പുന്നത്തൂർ ആനത്താവളം റോഡിലുമാണ് ഫുട്ട്പാത്ത് നിർമ്മിച്ചിട്ടുള്ളത്. ആധുനിക രീതിയിലുള്ള വഴിവിളക്കുകൾ, സ്റ്റീൽ ഹാൻഡ്റിൽസ് തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്.