
ഗ്യാന്‍വാപി മസ്ജിദ് കേസിൽ വാരാണസി ജില്ലാ കോടതി ഇന്ന് വിധി പറയും. മസ്ജിദ് സമുച്ചയത്തില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാടറിയിക്കുക. ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവത വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ഡല്‍ഹിയിലെ അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആവശ്യപ്പെട്ടത്. 16-ാം നൂറ്റാണ്ടില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവനുസരിച്ചാണ് ജ്ഞാനവാപി മസ്ജിദ് നിര്‍മ്മിച്ചതെന്ന് 1991-ല്‍ വാരണാസി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ആരാധനയ്ക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന വിചാരണ നിലനില്‍ക്കുമോയെന്നും ഹര്‍ജി ന്യായമായ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണോയെന്നും ജില്ലാ ജഡ്ജി തീരുമാനം അറിയിക്കും. ഇരുഭാഗത്തുനിന്നും വാദം കേട്ട ശേഷം ഓഗസ്റ്റ് 24 ന് ആണ് ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേഷ് വിധി പറയുന്നത് മാറ്റിവെച്ചത്.