താമരശ്ശേരി : വയനാട് ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകൾ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി വീതികൂട്ടി നവീകരിക്കാൻ ദേശീയപാതാ വിഭാഗം. ഇതിനായി ദേശീയപാത വിഭാഗം 50 കോടി രൂപയുടെ പദ്ധതി തയാറാക്കി. മൂന്നു വളവുകളും അടിഭാഗത്ത് 30 മീറ്റർ ഉയരത്തിൽ പാർശ്വഭിത്തി നിർമിച്ചാണു നവീകരിക്കുന്നത്. സർക്കാരിന്റെ ഭരണാനുമതി ലഭിക്കുന്ന മുറയ്ക്കു തുടർനടപടി എടുക്കും. അടുത്തിടെ ചുരത്തിലുണ്ടായ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനെതിരെ ജനവികാരം ശക്തമായിരുന്നു. ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന് 2018ൽ 0.92 ഹെക്ടർ വനഭൂമി വിട്ടുകിട്ടിയെങ്കിലും 3, 5 വളവുകൾ മാത്രമാണ് നവീകരിച്ചത്.
ദേശീയപാതയിൽ പുതുപ്പാടി – മുത്തങ്ങ റീച്ചിലെ നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി വളവുകൾ വികസിപ്പിക്കാനാണു ദേശീയപാതാ വിഭാഗം നടപടി എടുത്തിരുന്നത്. എന്നാൽ, ഈ പ്രവൃത്തിക്ക് കാലതാമസം വരുമെന്നതു കണക്കിലെടുത്താണ് 6,7,8 വളവുകൾ പ്രത്യേക ഫണ്ട് വകയിരുത്തി നവീകരിക്കാൻ തീരുമാനിച്ചത്. ദേശീയപാത തിരുവനന്തപുരം റീജനൽ ഓഫിസിൽ ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.