കട്ടപ്പന∙ കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നിതീഷുമായുള്ള തെളിവെടുപ്പ് തുടങ്ങി. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകവീട്ടിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഇവിടെ താമസിച്ചിരുന്ന വിജയനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടെന്നാണു പ്രതി പൊലീസിനെ അറിയിച്ചത്. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെത്തി.
കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ കഴിഞ്ഞ ദിവസം മോഷണക്കേസിൽ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ വിവരം പുറംലോകമറിയുന്നത്. വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണു നിതീഷ് പൊലീസിനോടു സമ്മതിച്ചത്.
വിജയന്റെ കൊലപാതകത്തിൽ അയാളുടെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവർക്കും പങ്കുണ്ടെന്നു പൊലീസ് പറയുന്നു. വിജയനെ വീട്ടിലെ ഹാളിൽ വച്ച് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഭാര്യയുടെയും മകന്റെയും സഹായത്തോടെ പ്രതി നിതീഷ്, മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചുമൂടിയെന്നാണു വിവരം.
2016–ലാണ് വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെ ഇവർ കൊലപ്പെടുത്തുന്നത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചുമൂടി.