Spread the love

വെഞ്ഞാറമൂട്ടിൽ കുടുംബത്തിലെ നാലു പേരെയും പെണ്‍സുഹൃത്തിനെയും അഫാന്‍ കൂട്ടക്കൊല ചെയ്തതു ചുറ്റിക ഉപയോഗിച്ചെന്നു പൊലീസ്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന്, ഉച്ചയ്ക്ക് ആഭരണം പണയം വയ്ക്കുന്നതിനു മുൻപേ പണം കടമായി വാങ്ങി. ഈ പണം കൊണ്ടാണു വെഞ്ഞാറമൂട്ടില്‍നിന്നു ചുറ്റിക വാങ്ങിയത്. ഇതുപയോഗിച്ച് മുത്തശ്ശി സല്‍മാബീവിയെ ആദ്യം കൊലപ്പെടുത്തി. പിന്നാലെ സല്‍മാബീവിയുടെ കഴുത്തിലെ സ്വർണമാല എടുത്ത് പണമിടപാട് സ്ഥാപനത്തില്‍ ഏല്‍പ്പിച്ചു.

പിന്നീടാണു പുല്ലമ്പാറ എസ്എന്‍ പുരത്തെത്തി ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും ഇതേ ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചു കൊന്നത്. കാമുകി ഫര്‍സാനയുടെ മുഖം അടിച്ചുതകര്‍ത്തു തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി. നെറ്റിയില്‍, മൂക്കിനു മുകളിലായി ആഴത്തില്‍ മുറിവേറ്റിരുന്നു. ഫര്‍സാനയ്ക്കും അനുജൻ അഫ്സാനും ഭക്ഷണത്തില്‍ എന്തെങ്കിലും കലര്‍ത്തി നല്‍കിയ ശേഷമാണോ കൊലപ്പെടുത്തിയതെന്ന സംശയവുമുണ്ട്. ക്രൂരമായ നിലയില്‍ ഇത്രയും കൊലപാതകങ്ങള്‍ 23കാരനായ അഫാന്‍ നടത്തിയത് എന്തു പ്രകോപനത്തിലും മാനസികനിലയിലുമാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അഫാന്റെ ഫോണ്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. കല്ലറ പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക് അഫാന്‍ ഉച്ചയ്ക്ക് 12.30ന് പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. പതിനൊന്നരയ്ക്കു പള്ളി ഭാരവാഹികള്‍ പിരിവിനായി സല്‍മാബീവിയുടെ വീട്ടില്‍ എത്തിയിരുന്നു. അതിനു ശേഷമാണ് അഫാന്‍ എത്തിയതും കൊലപാതകം നടത്തിയതും.

11 മക്കളുള്ള സല്‍മാബീവിക്കു പ്രായാധിക്യമുണ്ടെങ്കിലും ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ് അടുക്കളയില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അടുക്കളഭിത്തിയിലും നിലത്തും ചോരപ്പാടുകളുണ്ട്. മകള്‍ ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. അപ്പോഴേക്കും മരണം ഉറപ്പിച്ചിരുന്നു. പൊലീസ് എത്തി പരിശോധിച്ചു. പ്രായമുള്ളയാള്‍ കാല്‍ വഴുതി വീണപ്പോള്‍ തലയിടിച്ചു മുറിവുണ്ടായെന്നും രക്തം വാര്‍ന്നു മരിച്ചെന്നുമായിരുന്നു പ്രാഥമിക നിഗമനം. അഫാന്റെ കീഴടങ്ങലിനുശേഷം വെഞ്ഞാറമൂട് പൊലീസിന്റെ സന്ദേശമെത്തിയപ്പോഴാണു കൊലപാതകം എന്നു തിരിച്ചറിഞ്ഞത്.

Leave a Reply