സെപ്റ്റംബർ അവസാന വാരം കൈനിറയെ ഒടിടി റിലീസുകളാണ് പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘വാഴ’, വിക്രം–പാ. രഞ്ജിത്ത് ചിത്രം ‘തങ്കലാൻ’ എന്നിവയാണ് ഈ ആഴ്ച റിലീസിനെത്തിയിരിക്കുന്നത്. തമിഴ് ഹൊറർ ചിത്രം ഡിമൊണ്ടെ കോളനി 2, നാനിയുടെ സരിപോധ ശനിവാരം സെപ്റ്റംബര്‍ അവസാനം മുതൽ സ്ട്രീമിങ് ആരംഭിക്കും. ജീത്തു ജോസഫ്–ബേസിൽ ചിത്രം ‘നുണക്കുഴി’, ആസിഫ് അലിയുടെ അഡിയോസ് അമിഗോ, തലവൻ, ആനന്ദ് മധുസൂദനന്റെ അഡിയോസ് അമിഗോ, ദിലീപിന്റെ ‘പവി കെയർ ടേക്കർ’ എന്നിവയാണ് ഓണത്തിന് ഒടിടിയിലെത്തിയ മലയാള സിനിമകൾ.
വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഏറ്റവും പുതിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം.
ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രമാണിത്.’ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് നേടിയത് 5 കോടി 40 ലക്ഷം ഗ്രോസ് കലക്‌ഷനാണ്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത വാഴ 1 കോടി 44 ലക്ഷം രൂപയാണ് റിലീസ് ദിനത്തിൽ സ്വന്തമാക്കിയത്.
വെറും നാല് കോടി ചെലവഴിച്ച് നിര്‍മിച്ച ചിത്രമാണ് വാഴ. ചിത്രം വലിയ വിജയം നേടിയതോടെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. നവാഗതനായ സവിൻ എസ്.എ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഖിൽ ലൈലാസുരനാകും ഛായാഗ്രഹണം.
തങ്കലാൻ: സെപ്റ്റംബർ 23: നെറ്റ്ഫ്ലിക്സ്
വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം. മെൽ ഗിബ്സൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്റ്റോ’ പോലുള്ള സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിനായി പാ. രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്. മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്.പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആക്‌ഷൻ കൊറിയോഗ്രഫി സ്ടന്നെർ സാം.
നുണക്കുഴി: സെപ്റ്റംബർ 13: സീ ഫൈവ്
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘നുണക്കുഴി.’ ഓഗസ്റ്റ് 15ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. കോമഡി ഫാമിലി എന്റർടെയ്നറായി ഒരുക്കിയ ചിത്രം റിലീസായി ഒരു മാസത്തിനുള്ളിലാണ് ഒടിടിയിൽ എത്തുന്നത്. സീ ഫൈവിലൂടെയാണ് (Zee 5) നുണക്കുഴി ഒടിടിയിലെത്തുന്നത്. സെപ്റ്റംബർ 13ന് ചിത്രം സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തെലുങ്ക്, കന്നട ഭാഷകളിൽ ചിത്രം കാണാം.
ബാഡ് ന്യൂസ്: സെപ്റ്റംബർ 13: ആമസോൺ പ്രൈം
തൃപ്തി ദിമ്രി, വിക്കി കൗശല്‍ ഇങ്ങനെ വലിയ താരനിര അണിനിരക്കുന്ന കോമഡി എന്‍റര്‍ടെയ്നര്‍. ആനന്ദ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ, അപൂർവ മേത്ത, അമൃതപാൽ സിങ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം. 2019-ൽ പുറത്തിറങ്ങിയ ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്‍റെ നിർമാതാക്കൾ തന്നെയാണ് ‘ബാഡ് ന്യൂസും’ നിർമിച്ചിരിക്കുന്നത്. കരീന കപൂർ ഖാൻ, കിയാര അദ്വാനി, അക്ഷയ് കുമാർ, ദിൽജിത് ദോസഞ്ച് എന്നിവരായിരുന്നു ഇതിൽ അഭിനയിച്ചിരുന്നത്. ഐവിഎഫ് ചികിത്സയ്ക്കായി ഒരേ ആശുപത്രി സന്ദർശിക്കുന്ന രണ്ട് ദമ്പതികളെ ചുറ്റിപ്പറ്റിയായിരുന്നു കഥ.
ഗര്‍ഭം തന്നെയാണ് ബാഡ് ന്യൂസിന്റെയും പ്രമേയം. ഗര്‍ഭിണിയായ തൃപ്തി ദിമ്രി തന്‍റെ ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതാവായി രണ്ടുപേരെ സംശയിക്കുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന ഡിഎന്‍എ ടെസ്റ്റും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. വിക്കി കൗശലും, ആമി വിര്‍ക്കുമാണ് കാമുകന്മാരാകുന്നത്.
മിസ്റ്റർ ബച്ചൻ: സെപ്റ്റംബർ 12: നെറ്റ്ഫ്ലിക്സ്
രവി തേജയെ നായകനാക്കി ഹരീഷ് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം. ഭാഗ്യ ശ്രീയായിരുന്നു നായിക.
വിശേഷം: സെപ്റ്റംബർ 11: ആമസോൺ പ്രൈം
സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ‘വിശേഷം’ഒടിടിയിലെത്തി. ‘പൊടിമീശ മുളയ്ക്കണ കാലം’ ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ആനന്ദ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ആമസോൺ പ്രൈം വിഡിയോയിൽ ആണ് വിശേഷം സ്ട്രീം ചെയ്യുന്നത്. ഇന്ത്യയ്ക്ക് വെളിയിലുള്ളവർക്ക് സിമ്പിളി സൗത്ത് ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം കാണാം.
തലവൻ: സെപ്റ്റംബർ 12: സോണി ലിവ്
ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. മെയ് 24ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണ നേടി. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ആസിഫ് കോമ്പോയിൽ എത്തിയ ചിത്രമാണ് തലവൻ. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് (Sony LIV) തലവൻ ഒടിടിയിലെത്തുന്നത്. സെപ്റ്റംബർ 12ന് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കും
അഡിയോസ് അമിഗോ: സെപ്റ്റംബർ 11: നെറ്റ്ഫ്ലിക്സ്
ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്ത ചിത്രമാണ് ‘അഡിയോസ് അമിഗോ.’ ഓഗസ്റ്റ് 9ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന നഹാസ് സ്വതന്ത്ര സംവിധായകനായ ചിത്രമായിരുന്നു അഡിയോസ് അമിഗോ. പ്രശസ്ത ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ അഡിയോസ് അമിഗോ കാണാം.
പവി കെയർ ടേക്കർ: സെപ്റ്റംബര്‍ 6: മനോരമ മാക്സ്
വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന കോമഡി ചിത്രം. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റേതാണ്. ഛായാഗ്രഹകൻ സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ.പി. വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, സംഗീതം മിഥുൻ മുകുന്ദൻ, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ് ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്‌ഷൻ ഡിസൈൻ നിമേഷ് എം താനൂർ, പ്രൊഡക്‌ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ.
കിൽ: സെപ്റ്റംബർ 6: ഹോട്ട്സ്റ്റാര്‍
ബോളിവുഡിൽ ‘അനിമലി’നു ശേഷം ഏറ്റവുധികം വയലൻസുമായി എത്തിയ ആക്‌ഷൻ ത്രില്ലർ ‘കിൽ’ ഒടിടി പ്ലാറ്റ്ഫോമിലെത്തി. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖില്‍ നാഗേഷ് ഭട്ട്. അമൃത് എന്ന ആർമി കമാൻഡോ ഓഫിസറായി ലക്ഷ്യ അഭിനയിക്കുന്നു. ഫാനി എന്ന വില്ലനായി എത്തുന്നത് രാഘവ് ആണ്. തന്യ, അഭിഷേക് ചൗഹാൻ തുടങ്ങിയവര്‍ക്ക് പുറമേ ആശിഷ് വിദ്യാര്‍ത്ഥി ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.
ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദാണ്. സംഗീതം വിക്രം മാൻട്രൂസ്. സിനിമ കണ്ട് ഇഷ്ടപ്പെട്ട ‘ജോൺ വിക്ക്’ ടീം ‘കിൽ’ ഹോളിവുഡിൽ റീമേക്ക് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്