ബിഗ് ഡോഗ്സ് എന്ന ഗാനത്തിലൂടെ ഗ്ലോബൽ ടോപ് ചാർട്ടിൽ ഇടം നേടിയ ഹനുമാൻ കൈൻഡ് ഇനി ബിഗ് സ്ക്രീനിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ഹനുമാൻ കൈൻഡ് അഭിനയത്തിലേക്ക് ചുവടുവക്കുന്നത്. ഭീര എന്ന കഥാപാത്രത്തെയാണ് ഹനുമാൻ കൈൻഡ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കണ്ണടയും വച്ച് കയ്യിൽ തോക്കുമായി നിൽക്കുന്ന ഹനുമാൻ കൈൻഡിന്റെ പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ് എന്നിവരാണ് ‘റൈഫിൾ ക്ലബ്ബി’ലെ പ്രധാന അഭിനേതാക്കൾ. വിൻസി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട് . ബോളിവുഡ് താരം അനുരാഗ് കശ്യപിൻ്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ‘റൈഫിൾ ക്ലബ്’. ശ്യാം പുഷ്കരൻ – ദിലീഷ് കരുണാകരൻ, ഷറഫു – സുഹാസ് എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബുവിൻ്റെ ‘മായാനദി’ക്ക് ശേഷം ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമാണ് ‘റൈഫിൾ ക്ലബ്’. ഒപിഎം സിനിമാസിൻ്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. റെക്സ് വിജയനാണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ വർഷം ഓണം റിലീസ് ആയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
56 മില്യൺ പ്രേക്ഷകരാണ് ഇതുവരെ ഹനുമാൻ കൈൻഡിന്റെ ‘ബിഗ് ഡോഗ്സ്’ എന്ന ഗാനം യൂട്യൂബിൽ കണ്ടത്. ബിജോയ് ഷെട്ടിയുടെ സംവിധാന മികവിൽ ഒരുങ്ങിയ വീഡിയോക്ക് കോസ്റ്റ്യൂംസ് ഒരുക്കിയത് മലയാളിയായ മഷർ ഹംസയാണ് . റാപ്പർ ഹനുമാൻ കൈൻഡിനൊപ്പം മരണക്കിണറിൽ സുൽത്താൻ ഷേയ്ഖ്, ഇന്ത്യയിൽ മരണക്കിണറിൽ വണ്ടിയോടിക്കുന്ന അപൂർവം സ്ത്രീകളിലൊരാളായ കഷീഷ് ഷേയ്ഥ്, മൂർ സലീം, മുഹമ്മദ് ഷദാബ് അൻസാരി എന്നിവരും പ്രത്യക്ഷപ്പെട്ടിരുന്നു.