ഹാപ്പി ബർത്ത്ഡേ പ്രണവ്; ‘ഹൃദയം’ പോസ്റ്റർ ഹിറ്റ്
പ്രണവ് മോഹലാലിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ഹൃദയം പോസ്റ്റർ സാമൂഹിക
മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നു. ക്യാമറയുമായി പ്രണവ് നിൽക്കുന്ന പോസ്റ്റർ
സംവിധായകൻ വിനീത് ശ്രീനിവാസൻ ആണ് പങ്കുവച്ചത്.
‘അപ്പുവിനെക്കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഈ സിനിമ പുറത്തിറങ്ങി
ആളുകൾ കാണുന്നതുവരെ ഞാൻ കാത്തിരിക്കും. പിറന്നാൾ ആശംസകൾ ഞങ്ങളുടെ
പ്രിയപ്പെട്ട പ്രണവ് മോഹൻലാലിന്.’–വിനീത് ശ്രീനിവാസൻ കുറിച്ചു.
ഏറെ രസകരമായ കാര്യം അതല്ല. വർഷങ്ങൾക്ക് മുമ്പ് പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച
സൂപ്പർ ഹിറ്റ് സിനിമ ചിത്രത്തിന്‍റെ പോസ്റ്ററുമായി ഇതിനുള്ള സാമ്യമാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നു.
ക്യാമറയും കയ്യിലെടുത്തുള്ള പ്രണവിന്‍റെ നിൽപ് അച്ഛനെ ഓർമിപ്പിക്കുന്നു എന്നാണ് പലരും പറയുന്നത്.
മോഹൻലാലും പിറന്നാൾ ആശംസയുമായി പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.
സിനിമാ ലോകത്തെ പ്രമുഖ താരങ്ങളെല്ലാം പ്രണവിന് ആശംസയുമായി എത്തിക്കഴിഞ്ഞു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിൽ പ്രണവും കല്യാണി പ്രിയദർശനുമാണ് നായികാ
നായകൻമാരായി എത്തുന്നത്. കഴിഞ്ഞ ദിവസം കല്യാണിയുടെ പോസ്റ്ററും റിലീസ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു.
പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.
ഹിഷാം അബ്‍ദുൾ വഹാബ് ആണ് ‘ഹൃദയ’ത്തിന്റെ സംഗീത സംവിധായകൻ. അജു വർഗീസ്,
ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു
പ്രധാന താരങ്ങൾ. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ.
മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ആണ്
ചിത്രം നിർമിക്കുന്നത്.