‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന് തുടക്കം. ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർ വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്നു മുതല്‍ സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം.വീടുകളിലും സ്കൂളിലും സ്ഥാപനങ്ങളിലുമെല്ലാം രാവിലെ തന്നെ ദേശീയ പതാകകള്‍ ഉയർന്നു. കേന്ദ്ര സാസ്കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി വിതരണം ചെയ്തത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാല്‍ ഷായും ദില്ലിയിലെ വീട്ടില്‍ പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികളോടൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാകയെന്തിയപ്പോള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പതാകയേന്തിയുള്ള മാർച്ചില്‍ പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹർ ഘർ തിരംഗ ക്യാംപെയ്ൻ സംസ്ഥാനത്തും തുടങ്ങി. വീടുകളിലും സർക്കാർ ഓഫീസുകളിലും പതാക ഉയർത്തി. മോഹൻലാലും സുരേഷ്ഗോപിയും ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും മന്ത്രിമാരും പതാക ഉയർത്തി.