ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റിട്ടെന്ന് ആരോപിച്ച് വയോധികനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് സി പി എം പ്രവർത്തകർ അറസ്റ്റിലായി. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി ജോസഫ്(51) വെച്ചൂരിനാണ് മര്‍ദനമേറ്റത്. ജോസഫിന്റെ കൈയും കാലും ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചൊടിച്ചു. ഗുരുതര പരുക്കുകളോടെ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സിപിഎം (CPM) പ്രവർത്തകരായ സോണി, അനന്തു എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തില്‍ ആണ് മര്‍ദിച്ചത്. ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ചാണ് സംഘം തന്നെ മൊബൈലില്‍ വിളിച്ച് വീടിനു പുറത്തേക്ക് വരുത്തിയത്. വീടിന് പുറത്തെത്തിയ തന്നെ കാറിലും ബൈക്കിലും എത്തിയവർ ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുണ്ടാനേതാവായി നടക്കുന്ന ഡി. വൈ. എഫ്. ഐ പ്രാദേശിക നേതാവ് സോണി സോനുവാണ് തന്നെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചതെന്ന് ജോസഫ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.