അതിരപ്പിള്ളി : പ്ലാന്റേഷൻ റബർ തോട്ടത്തിൽ കാട്ടാനക്കൂട്ടമിറങ്ങി ഇരുപതോളം തൊഴിലാളികളുടെ ടാപ്പിങ് ജോലി തടസ്സപ്പെട്ടു. ആനകൾ തോട്ടത്തിൽ നിന്നും മാറാതെ നിന്നതോടെ ഇവരെ മറ്റു ജോലികൾക്കായി നിയോഗിച്ചു. രാവിലെ ടാപ്പിങ് പൂർത്തിയാക്കിയ പത്താം ബ്ലോക്കിൽ ആനക്കൂട്ടം എത്തിയതിനാൽ പാലെടുക്കാൻ കഴിഞ്ഞില്ല. തൊഴിലാളികൾ റബർ കറ ശേഖരിക്കാൻ കൊണ്ടുവന്ന ബക്കറ്റുകളും ചായ പാത്രവും ആന ചവിട്ടി നശിപ്പിച്ചു.
10, 16 ബ്ലോക്കുകളിലാണ് ആനക്കൂട്ടം തൊഴിലാളികൾക്ക് ഭീഷണിയായത്. ഇതിനിടയിൽ ആനകളെ ഓടിക്കുന്നതിനായി പരീക്ഷിച്ച തന്ത്രങ്ങളെല്ലാം പാഴായി. 3 കൂട്ടങ്ങളിലായി 40ൽ അധികം ആനകളാണ് തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചത്. തൊഴിലാളികൾ പണിക്കിറങ്ങിയ മേഖലയിൽ നിന്നും ആനകളെ ഓടിക്കാൻ ശ്രമിച്ച വാഹനത്തിനു നേരെ ആന പാഞ്ഞടുത്തു. പ്ലാന്റേഷൻ അതിർത്തിയിൽ സ്ഥാപിച്ച സോളാർ വേലി തകർത്താണ് ആനക്കൂട്ടം തോട്ടത്തിൽ കയറിയത്. ഏതാനും മാസങ്ങളായി കെട്ടിടങ്ങൾക്കു നേരെയും പതിവായി ഇവയുടെ ആക്രമണമുണ്ട്. ആളൊഴിഞ്ഞ ഓഫിസ് കെട്ടിടങ്ങളും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളും ആക്രമണ ഭീഷണിയിലാണ്.
ചെറിയ ചില്ലകളും ഇലയും തിന്നുന്നതിനായി നൂറുകണക്കിന് റബർ മരങ്ങളാണ് ആനകൾ മറിക്കുന്നത്. റബറിലും എണ്ണപ്പന തോട്ടത്തിലും ഒരുപോലെ കനത്ത നാശമുണ്ടാക്കുന്ന ആനകളെ തുരത്താൻ നിർവാഹമില്ലാതെ നട്ടം തിരിയുകയാണ് മാനേജ്മെന്റ്. ആനശല്യം രൂക്ഷമായതോടെ സ്ഥാപനത്തിന്റെ നിലനിൽപ് തന്നെ കടുത്ത പ്രതിസന്ധിയിലാണ്.ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന തോട്ടത്തിന്റെ സംരക്ഷണത്തിന് ഗവൺമെന്റെിന്റെ ഭാഗത്തു നിന്നുള്ള അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് തൊഴിലാളികൾ പറയുന്നു.