‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി. മൻസൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് അതിജീവിത മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ജെ കുഞ്ഞി ചന്തു എന്നയാളാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് അതിജീവിത ആരോപിക്കുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
പരാതി അറിഞ്ഞിട്ടും ഇയാളെ എമ്പുരാന്‍ സിനിമയുടെ ഭാഗമാക്കിയെന്നും യുവതി ആരോപിക്കുന്നു. പിന്നീട് ഇയാളെ സിനിമയില്‍ നിന്ന് നീക്കിയെന്ന് അണിയറക്കാര്‍ അറിയിച്ചു. ഹൈദരാബാദ് പൊലീസ് മൻസൂർ റഷീദിനെ അന്വേഷിച്ച് കേരളത്തിൽ വന്നപ്പോൾ ഇയാളുടെ വീട്ടിലടക്കം ഒളിവിൽ കഴിഞ്ഞതിന് തെളിവ് കിട്ടിയിരുന്നു. ഫോൺ ട്രാക്കിംഗ് രേഖകൾ അടക്കം ഇതിന് തെളിവായുണ്ടെന്നും പരാതിക്കാരി പറയുന്നു. സിപിഎം ഉന്നതനേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും ആരും അനങ്ങിയില്ല. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജൻ എന്നിവരെ 2021-ൽ തന്നെ പരാതി പറഞ്ഞ് വിളിച്ചതാണെന്നും ഇവരാരും ഒരു തരത്തിലും നടപടിയെടുത്തില്ലെന്നും ഒരു മറുപടിയും തന്നില്ലെന്നും അതിജീവിത പറയുന്നു.
നാട്ടിൽ തനിക്കും കുഞ്ഞിനുമെതിരെ വളരെ മോശം രീതിയിൽ പ്രാദേശിക പാർട്ടി നേതൃത്വത്തിന്‍റെ സഹായത്തോടെ ദുഷ്പ്രചാരണം നടത്തി. ഹൈദരാബാദിൽ പരാതി നൽകിയതിന്‍റെ പക വീട്ടാൻ മൻസൂർ റഷീദ് തന്‍റെ കുടുംബജീവിതവും തകർത്തു. ജീവഭയമുണ്ട്, ഒളിച്ചാണ് ജീവിക്കുന്നത്. നിലവിൽ ഹൈദരാബാദിൽ ജീവിക്കുന്നത് ജീവഭയത്തോടെയെന്നും പരാതിക്കാരി പ്രതികരിച്ചു. കുഞ്ഞിനെയും തന്നെയും മൻസൂർ കൊല്ലുമോ എന്ന് പേടിയുണ്ടെന്നും, വിലാസം പോലും ആരോടും പറയാതെയാണ് തെലങ്കാനയിൽ ജീവിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.
നാട്ടിൽ വിവാഹമോചനക്കേസ് നടത്താൻ പോലും അഭിഭാഷകരെ കിട്ടാത്ത സാഹചര്യമാണ്. മൻസൂർ പാനീയത്തിൽ മയക്ക് മരുന്ന് കലർത്തിയാണ് ഹൈദരാബാദിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിക്കാരി പറയുന്നു. പ്രധാനതാരങ്ങൾ ഒഴികെ സിനിമയിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷൻ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പിൽ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും ഇന്ന് തന്നെ പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നൽകുമെന്നും പരാതിക്കാരി പറഞ്ഞു.
തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജിതാ ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള എസ്ഐടിക്ക് ഇന്ന് മെയിൽ വഴി പരാതി നൽകും. ഹൈദരാബാദിലെ പരാതിയുടെ വിശദാംശങ്ങൾ അടക്കം ഇതിൽ ഉൾപ്പെടുത്തുമെന്നും അതിജീവിത പറഞ്ഞു.