
പൊന്നാനി തുറമുഖ മണലെടുപ്പിന്റെ പേരില്‍ മണല്‍ വാരുന്നത് ഭാരതപ്പുഴയുടെ കരയില്‍നിന്ന്.അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലാതായതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. പൊന്നാനി അഴിമുഖത്ത് കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യാനാരംഭിച്ച മണലെടുപ്പാണ് ഇപ്പോള്‍ ഭാരതപ്പുഴയുടെ കരയില്‍നിന്ന് നടക്കുന്നത്. കുറ്റിക്കാട് ബലിതര്‍പ്പണ കടവില്നിന്നുള്പ്പെടെ മണലെടുപ്പ് നടക്കുന്നതും ഭീഷണിയായി മാറിയിട്ടുണ്ട്.
കരയില്‍നിന്ന് 500 മീറ്റര്‍ ദൂരെ പുഴയില്‍നിന്ന് മാത്രമെ മണലെടുക്കാനാവൂവെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് കര്‍മ റോഡിനും സംരക്ഷണഭിത്തിക്കും ഭീഷണിയായി മണലെടുപ്പ് തുടരുന്നത്. ഭാരതപ്പുഴയുടെ കരയില്‍നിന്ന് മണല്‍ വാരരുതെന്ന് പലതവണ തൊഴിലാളികളോടും തൊഴില്‍ സംഘടന നേതാക്കളോടും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കരയില്‍ നിന്നുള്ള മണലെടുപ്പ് അമിതമായതോടെ പുഴയില്‍ അപകട ചാലുകള്‍ വര്‍ധിച്ചിട്ടുണ്ട്. നഗരസഭ ചെയര്‍മാനും പോര്‍ട്ട് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും, മണലെടുപ്പ് യഥേഷ്ടം തുടരുന്നു. മണലെടുപ്പ് മൂലം സമീപ പ്രദേശത്തെ വീടുകളിലെ കിണര്‍ വെള്ളമെല്ലാം ഉപ്പ് കലര്‍ന്ന് ഉപയോഗ ശൂന്യമായിട്ടുണ്ട്.