
ഗുജറാത്ത് കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റും പട്ടേൽ സമുദായ നേതാവുമായ ഹാർദിക് പട്ടേൽ മറ്റെന്നാൾ ബിജെപിയിൽ ചേരും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിർണായക രാഷ്ട്രീയ നീക്കം. രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ഈ മാസം 18നാണ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഹാർദിക് കോൺഗ്രസിൽ ചേർന്നത്. ബിജെപി നേതൃത്വത്തെ പ്രശംസിച്ചാണ് കോൺഗ്രസ് വിട്ടതെങ്കിലും ബിജെപിയിൽ ചേരുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ഹാർദിക് പ്രതികരിച്ചിരുന്നത്. ആം ആദ്മി പാർട്ടിയിൽ ചേർന്നേക്കുമെന്നും അഭ്യൂഹങ്ങളുമുണ്ടായിരുന്നു. ഗുജറാത്ത് ജനസംഖ്യയുടെ 13 ശതമാനമുള്ള പട്ടേൽ സമുദായം വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നിർണായക ശക്തിയാണ്.