കോഴിക്കോട്∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് പുതുക്കിയ പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു. 2 ഡോക്ടർമാർ, 2 നഴ്സുമാർ എന്നിവരെ പ്രതിചേർത്താണ് പൊലീസ് ഇന്ന് കുന്നമംഗലം കോടതിയിൽ റിപ്പോർട്ട് നൽകിയത്. മഞ്ചേരി മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ.രമേശൻ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ.ഷഹന.എം, കോഴിക്കോട് മെഡിക്കൽ കോളജ് ഐഎംസിഎച്ചിലെ നഴ്സുമാരായ രഹന, മഞ്ജു എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്. പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകും.
2017 നവംബർ 30ന് മെഡിക്കൽ കോളജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത് ക്രിയ നടത്തിയ സംഘത്തിലെ അസിസ്റ്റന്റ് പ്രഫസർ, ജൂനിയർ റസിഡന്റ്, 2 നഴ്സുമാർ എന്നിവരാണ് പ്രതിപ്പട്ടികയിൽ വരുന്നത്. ഇവരിൽ ഒരു ഡോക്ടറും 2 നഴ്സുമാരുമാണ് ഇപ്പോൾ സർക്കാർ സർവീസിലുള്ളത്. ഇതിനിടെ പ്രതിപ്പട്ടികയിൽ വന്ന ആരോഗ്യ പ്രവർത്തകർ മുൻകൂർ ജാമ്യത്തിനായി നിയമോപദേശം തേടിയതായാണ് വിവരം.