അനധികൃത ഖനനം തടയാൻ റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ക്വാറി മാഫിയ ട്രക്ക് കയറ്റി കൊന്നു. ഹരിയാനയിലെ നുഹ് ജില്ലയിലാണ് സംഭവം. ടൗരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേന്ദ്ര സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. വിരമിക്കാൻ മൂന്ന് മാസം ബാക്കിനിൽക്കെയാണ് സുരേന്ദ്ര സിംഗ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. അനധികൃത ഖനനം നടക്കുന്നതറിഞ്ഞെത്തിയ സുരേന്ദ്ര സിംഗ് ട്രക്ക് ഡ്രൈവറോട് ലൈസൻസും പേപ്പറുകളും ആവശ്യപ്പെടുകയും ഡ്രൈവറോട് നിർത്താൻ പറയുകയും ചെയ്തു. കല്ല് കയറ്റിയ ട്രക്ക് ഡ്രൈവർ വാഹനം വേഗത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറ്റിയിറക്കി പോകുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഡ്രൈവറെ പിടികൂടാൻ പോലീസ് സംഘം പരിശോധന തുടരുകയാണ്.