ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറി മറിഞ്ഞ താരമാണ് പ്രിയാ വാര്യർ. ഒമർ ലുലു ചിത്രത്തിലെ വൈറൽ സീനിലൂടെ നടി കേരളവും ഇന്ത്യയും കടന്ന് പ്രശസ്തയാവുകയായിരുന്നു. പിന്നീടങ്ങോട്ട് മലയാളത്തിലും ഹിന്ദിയിലും മറ്റു ഭാഷകളിലുമായി ചെറുതും വലുതുമായ വേഷങ്ങൾ പലതും ചെയ്തെങ്കിലും എടുത്ത് പറയത്തക്ക വിധത്തിൽ കഥാ പാത്രങ്ങൾ ഒന്നും തന്നെ താരം ചെയ്തില്ലെന്ന് വേണം പറയാൻ. ഇതിനിടയിൽ താരത്തിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും ചിലർ യാതൊരു കാരണവുമില്ലാതെ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയുമുണ്ടായി. അതിരു വിടുന്ന വിമർശനവും സൈബർ ആക്രമണങ്ങളും പ്രിയ പലപ്പോഴും നേരിടേണ്ടിയും വന്നു. ഇപ്പോഴിതാ വിങ്ക് സെൻസേഷന് ശേഷം ആളുകൾക്ക് തന്നോട് ഒരു വിദ്വേഷം രൂപപ്പെട്ടിരുന്നുവെന്ന് പറയുകയാണ് നടി പ്രിയ വാര്യർ. താൻ അപ്രോച്ചബിൾ അല്ല, അല്ലെങ്കിൽ ജാഡയാണ് ഒരുപാട് പ്രതിഫലം വാങ്ങുന്നു തുടങ്ങിയ ഒരു മുൻധാരണ എവിടെനിന്നോ ഉണ്ടായി വന്നു. അത് തന്റെ കരിയറിനെയും ആളുകൾക്ക് തന്നോടുള്ള മനോഭാവത്തെയും ബാധിച്ചെന്ന് പ്രിയ വാര്യർ പറയുന്നു.
‘ഞാൻ അപ്രോച്ചബിൾ അല്ല, അല്ലെങ്കിൽ ജാഡയാണ്, ഒരുപാട് പ്രതിഫലം വാങ്ങുന്നു തുടങ്ങിയ ഒരു മുൻധാരണ എന്നെക്കുറിച്ച് എവിടെയോ ക്രിയേറ്റ് ആയി. ആ വിങ്ക് സെൻസേഷന്റെ ഭാഗമായി ഉണ്ടായ ഒരു വിദ്വേഷം ആയിരിക്കാം അതിന് കാരണം. വർഷങ്ങളോളം കഷ്ടപ്പെട്ടിട്ട് ആളുകൾക്ക് നേടിയെടുക്കാൻ സാധിക്കാത്തത് ഒറ്റ രാത്രികൊണ്ട് ഇവൾ നേടിയെടുത്തു. അതിന് വേണ്ടി എന്താണ് അവൾ ചെയ്തത് അവൾ അത് അർഹിക്കുന്നുണ്ടോ? എന്നൊക്കെയുള്ളത് കൊണ്ട് തന്നെ പൊതുവേ ഒരു വിദ്വേഷം എനിക്കെതിരെ ഉണ്ടായിരുന്നു. അതെനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. പക്ഷേ അത് പിന്നീട് വെറുപ്പിലേക്ക് മാറി. നമ്മൾ എന്ത് ചെയ്താലും പ്രശ്നം അങ്ങനെ വന്നപ്പോൾ അത് കരിയറിനെയും ബാധിക്കാൻ തുടങ്ങി. അത് പതിയെ ആളുകൾക്ക് എന്നോടുള്ള മനോഭാവത്തെയും ഇൻഡസ്ട്രിക്ക് എന്നോടുള്ള മനോഭാവത്തെയും ഒക്കെ ബാധിച്ചിരിക്കാം’, പ്രിയ വാര്യർ പറഞ്ഞു.