ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തി. മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ ചിത്രം ഇതിനകം തന്നെ മുടക്കുമുതലിന്റെ അഞ്ചിരട്ടി നേടി കഴിഞ്ഞു. ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തിറങ്ങി. പ്രധാന ഘടകങ്ങൾ അടങ്ങിയ ടീസർ സോഷ്യൽ മാധ്യമങ്ങളിൽ ട്രെൻഡ് ആവുകയാണ്.
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് “രേഖാചിത്രം” നിർമ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് ‘രേഖാചിത്രം’. ഏകദേശം ഏഴ് കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ മുടക്ക് മുതലിന്റെ അഞ്ചിരട്ടി വാരിക്കൂട്ടി. 40 കോടിയിലധികമാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള കളക്ഷൻ. കൂടാതെ വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്.
ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ കരുത്തു തെളിയിച്ച രേഖാചിത്രം, ആറ് ദിവസം കൊണ്ട് 34.3 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. തുടക്കത്തിൽ ലഭിച്ച അതെ ആവേശം തന്നെ തിയേറ്ററുകളിൽ ഇപ്പോഴും ലഭിക്കുന്നുണ്ട്. ഗംഭീര പ്രതികരണത്തോടെ മുന്നേറുന്ന ചിത്രത്തിനു മുന്നിലെ അടുത്ത മൈൽസ്റ്റോൺ 50 കോടി ക്ലബ്ബാണ്. അതിവേഗം തന്നെ ആ മൈൽസ്റ്റോണും ചിത്രം സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ചിത്രം 203ൽ നിന്നും 230 തിയേറ്ററുകളിലേക്ക് എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതും ജനപ്രിയ വിജയ ഘടകമാണ്.
പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ വൻ വിജയം നേടിയ ചിത്രം 2025 മലയാള സിനിമയുടെ മുഖവുര ഗംഭീരമാക്കി ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്. കേരളത്തിൽ മാത്രമല്ല ചെന്നൈ, ബാംഗ്ലൂർ പ്രദേശങ്ങളിലും മികച്ച ബോക്സ് ഓഫീസ് പ്രതികാരമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. ഓസ്ട്രേലിയയിലും ന്യൂസീലാൻഡിലും ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തി മികച്ച പ്രതികരണം നേടുന്നുണ്ട്.