സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് ഉജ്വല വിജയത്തോടെ തുടക്കം. രാജസ്ഥാനെ 5–0ന് തോല്‍പിച്ചു. ക്യാപ്റ്റന്‍ ജിജോ ജോസഫ് ചാംപ്യന്‍ഷിപ്പിലെ ആദ്യ ഹാട്രിക്ക് നേടി. 6, 58, 63 മിനിറ്റുകളിലായിരുന്നു ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഗോളുകൾ. നിജോ ഗില്‍ബേര്‍ട്ട്, അജി അലക്‌സ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കേരളത്തിന്റെ മുന്നേറ്റമാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം കണ്ടെത്. 6–ാം മിനിറ്റില്‍ തന്നെ കേരളം ലീഡെടുത്തു. കേരള സ്‌ട്രൈക്കര്‍ എം. വിഘ്നേഷിനെ ബോക്‌സിന് പുറത്തുനിന്ന് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ ജിജോ ജോസഫ് മനോഹരമായി ഗോളാക്കി മാറ്റി.
തുടര്‍ന്നും ആക്രമിച്ചു കളിച്ച കേരളത്തെ തേടി നിരവധി അവസരങ്ങളെത്തി. 20–ാം മിനിറ്റില്‍ കേരളത്തെ തേടി മറ്റൊരു അവസരമെത്തി. മധ്യനിരയില്‍ നിന്ന് ബോളുമായി വന്ന ക്യാപ്റ്റന്‍ ജിജോ ജോസഫ് ബോക്‌സിലേക്ക് നീട്ടി നല്‍ക്കിയ പാസ് സ്‌ട്രൈക്കര്‍മാരായ വിഘ്നേഷും സഫ്‌നാദും തമ്മിലുള്ള ആശയകുഴപ്പം മൂലം ഗോളെന്ന് ഉറപ്പിച്ച അവസരം നഷ്ടപ്പെടുത്തി. 24–ാം മിനിറ്റില്‍ മുഹമ്മദ് സഫ്‌നാദിനെ ഫൗള് ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ ജിജോ ഗോളിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ട് മിനിറ്റിന് ശേഷം വീണ്ടു കേരളത്തിന് അവസരം ലഭിച്ചു. ഇടതു ബോക്‌സിന് പുറത്തു നിന്ന് നീട്ടി നല്‍കിയ പാസ് വിഘ്നേഷ് പോസ്റ്റിലേക്ക് അടിച്ചെങ്കിലും രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. റിട്ടേണ്‍ ബോള്‍ ക്യാപ്റ്റന്‍ ജിജോക്ക് ലഭിച്ചു. പക്ഷേ ലക്ഷ്യം കാണാനായില്ല.
30–ാം മിനിറ്റില്‍ കേരള പ്രതിരോധനിരയില്‍ വരുത്തിയ പിഴവില്‍ നിന്ന് രാജസ്ഥാന് ആദ്യ അവസരം ലഭിച്ചെങ്കിലും രാജസ്ഥാന്‍ സ്‌ട്രൈക്കര്‍ യുവരാജ് സിങ് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് അടിച്ചു. 32–ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ബോളുമായി കുതിച്ചെത്തിയ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍കിയ പാസ് വിഘ്നേഷ് നഷ്ടപ്പെടുത്തി. വീണ്ടും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. 38–ാം മിനിറ്റില്‍ കേരളം ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്‌സിന് പുറത്ത് നിന്ന് റോക്കറ്റ് വേഗത്തില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ഉഗ്രന്‍ ഗോള്‍.