Spread the love
വിദ്വേഷ മുദ്രാവാക്യം: കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കി

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കി. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ കൗണ്‍സിലിങ് തുടരുമെന്നും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു. മുദ്രാവാക്യം ആരും പഠിപ്പിച്ചിതല്ലെന്നും പരിപാടികളില്‍ നിന്ന് കേട്ട് പഠിച്ചതാണെന്നുമാണ് കുട്ടി പറഞ്ഞത്.

വിദ്വേഷ മുദ്രാവാക്യം കേസില്‍ കുട്ടിയുടെ പിതാവുള്‍പ്പെടെ നാല് പേരെക്കൂടി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുവ സൗത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് കുട്ടിയും മാതാപിതാക്കളും പള്ളുരുത്തിയില്‍ എത്തിയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഷ്‌കറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തിയില്‍ പ്രകടനം നടത്തിയിരുന്നു. കസ്റ്റഡിയില്‍ എടുത്ത നാലു പേരെയും ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

അതേസമയം, സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത 18 പേരെ ഇന്നലെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് റിമാന്‍ഡ് ചെയ്തത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി 153A പ്രകാരമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഇതുവരെ 24 പേരാണ് കേസിൽ അറസ്റ്റിലായത്.

Leave a Reply