Spread the love
വിദ്വേഷ പരാമര്‍ശം; ഖത്തറിലെ മലയാളം മിഷൻ കോ-ഓർഡിനേറ്റർ ദുർ​ഗാദാസിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ മലയാളം മിഷന്‍ ഖത്തര്‍ ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ദുര്‍ഗാദാസ് ശിശുപാലനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് കമ്പനി അധികൃതര്‍. ദോഹയിലെ നാരങ് പ്രൊജക്ട്സ് എന്ന സ്ഥാപനമാണ് തങ്ങള്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്‍റായ ദുര്‍ഗാദാസിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

പി.സി ജോർജ് വിദ്വേഷ പ്രസ്‍താവന നടത്തിയ അതേ സമ്മേളനത്തിൽ വെച്ചായിരുന്നു, സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനിൽ ഔദ്യോ​ഗിക ചുമതല വഹിച്ചിരുന്ന ദുര്‍ഗാദാസിന്റെയും ചോദ്യം. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‍സുമാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെയും മറ്റും മോശമായി ചിത്രീകരിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നത്. ‘ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത്. നമുക്ക് അവിടെ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ഞാൻ ​ഗൾഫ് നാട്ടിൽ നിന്നാണ് വരുന്നത്. നഴ്സ് റിക്രൂട്ടിങ് എന്ന പേരിൽ തീവ്രവാദികളുടെ ലൈം​ഗിക സേവയ്ക്ക് കൊണ്ടുപോകുന്നുവെന്ന് അറിയാൻ കഴിഞ്ഞു. അതിനെ തടയാൻ നടപടിയോ മറ്റോ ഇവിടെ നിന്ന് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ?’ എന്നായിരുന്നു ദുർഗാദാസിന്റെ ചോദ്യം. മലയാളം മിഷൻ കോ-ഓർഡിനേറ്ററുടെ പ്രസ്താവന ആതുര സേവന രം​ഗത്ത് സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ നഴ്‍സുമാരെ വേദനിപ്പിക്കുന്നതാണെന്ന് നഴ്‍സുമാരുടെ കൂട്ടായ്‍മയായ യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ – ഖത്തർ ആരോപിച്ചു. നഴ്സുമാരുടെ മറ്റൊരു സംഘടനയായ ഫെ‍ഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ ഖത്തറും പ്രസ്താവനയെ അപലപിച്ചു. ഖത്തർ ഇൻകാസ്, ഐഎംസിസി, യൂത്ത് ഫോറം ഖത്തർ എന്നിങ്ങനെയുള്ള വിവിധ പ്രവാസി സംഘടനകളും പ്രസ്താവനയ്ക്കെതിരെ രം​ഗത്തെത്തി. മുഖ്യമന്ത്രിയും ഖത്തറിലെ ഇന്ത്യൻ അംബാസഡറും ഉൾപ്പെടെയുള്ളവർക്ക് പരാതികൾ അയക്കുകയും ചെയ്‍തു. ഇതിന് പിന്നാലെ ദുര്‍ഗാദാസിനെ, ഖത്തറിലെ മലയാളം മിഷന്‍ ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.

Leave a Reply