തിരുവനന്തപുരം∙ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന് മറപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കണമെന്ന വൃന്ദാകാരാട്ടിന്‍റെ പ്രസ്താവന അര്‍ഹിച്ച അവജ്ഞയോടെ തള്ളുന്നുവെന്ന് ആരിഫ് ഖാൻ പറഞ്ഞു. വൃന്ദ കാരാട്ട് ഇതുവരെ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ എന്നും ഗവർണർ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറയുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഗവർണർക്ക് താൽപര്യമുണ്ടെങ്കിൽ അദ്ദേഹമത് ചെയ്യണമെന്നാണ് വൃന്ദ കാരാട്ട് പറഞ്ഞത്. ബിജെപി ടിക്കറ്റിൽ കേരളത്തിലെ ഏതെങ്കിലും സീറ്റിൽനിന്നും മത്സരിക്കണമെന്നു വൃന്ദ കാരാട്ട് ഗവർണറെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ വിരുന്നിനു ക്ഷണിച്ചിട്ടും പോകാതിരുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വിരുന്നിനുള്ള ക്ഷണക്കത്ത് രാജ്ഭവനിൽ കിടക്കുന്നുണ്ട്. വിരുന്നിനു പോകാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. ഗവർണറോട് ചോദിക്കുന്നതുപോലെ ചോദ്യങ്ങൾ മുഖ്യമന്ത്രിയോടും ചോദിക്കണമെന്നും ആരിഫ് മുഹമ്മദ്ഖാൻ അറിയിച്ചു.