നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രങ്ങൾ എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. മികച്ച ഫാഷൻ സെൻസ് എന്ന് പൊതുവെ ആളുകൾ പ്രശംസിക്കാറുള്ള മോദിക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനും അതും ഹെയറുമൊക്കെ സെറ്റ് ചെയ്യാനും പ്രത്യേകം ആളുകൾ ഉണ്ട് എന്നുമാണ് അഭ്യൂഹങ്ങൾ. അദ്ദേഹം ധരിക്കുന്ന കുർത്തകളോടൊപ്പം അദ്ദേഹത്തിന്റെ വാച്ചുകളും ശ്രദ്ധയാകർഷിക്കുകയും ചെയ്യും. ഇത്തരത്തിൽ ഇപ്പോഴിതാ മോദിയുടെ കയ്യിൽ മിക്കപ്പോഴും കാണാറുള്ള ഒരു വാച്ചിനെ ചുറ്റിപ്പറ്റിയാണ് സോഷ്യൽ മീഡിയ സംസാരം.
അടുത്തിടെ നടന്ന പൊതുപരിപാടികളിലെല്ലാം നരേന്ദ്രമോദി ജയ്പൂർ വാച്ച് കമ്പനിയുടെ റോമൻ ബാഗ് എന്ന വാച്ച് ധരിച്ചാണ് എത്തിയത്. നിരവധി പ്രത്യേകതകളുള്ള ഈ വാച്ചിന് 60000 രൂപയാണ് വില. 1947ലെ ഒരു രൂപ നാണയം വാച്ചിന്റെ ഡയലിൽ ഘടിപ്പിച്ചിരിക്കുന്നതാണ് ഇതിന്റെ സവിശേഷത. ബ്രിട്ടീഷ് ഭരണകാലത്ത് അച്ചടിച്ച അവസാന നാണയമാണ് ഇതിലെ ഒരു രൂപ നാണയം. ഇതിനുള്ളിൽ നടക്കുന്ന ഒരു കടുവയുടെ രൂപവും പതിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയുടെ മാറ്റത്തെയാണ് ഈ ഡിസൈൻ സൂചിപ്പിക്കുന്നതെന്നാണ് വാച്ച് നിർമാതാക്കൾ പറയുന്നത്.
എല്ലാ ദിവസവും ഉപയോഗിക്കാൻ കഴിയുന്ന ഈ വാച്ച് ഒരു ക്ലാസിക് സ്റ്റൈലിലാണ് നിർമിച്ചിരിക്കുന്നത്. ഗൗരവ് മേത്തയാണ് ജയ്പൂർ വാച്ച് കമ്പനിയുടെ സ്ഥാപകൻ. അതുല്യമായ ഇന്ത്യയിലെ സ്മരണികകൾ, നാണയങ്ങൾ, പരമ്പരാഗത രൂപങ്ങൾ എന്നിവ മോഡലുകളാക്കി വിലകൂടിയ വാച്ചുകൾ നിർമിക്കുന്ന കമ്പനിയാണ് ജയ്പൂർ വാച്ച് കമ്പനി. അമിതാഭ് ബച്ചൻ, എഡ് ഷീരൻ, റാഫ്താർ എന്നിവരെപ്പോലുള്ളവർ മേത്തയുടെ ജയ്പൂർ ആസ്ഥാനമായുള്ള കമ്പനി നിർമ്മിച്ച വാച്ചുകൾ ധരിച്ച് എത്താറുണ്ട്.








