
കൊച്ചി ∙ ഒൻപതു വയസ്സുകാരിയായ മകളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പിതാവ് യാതൊരു ശിക്ഷാ ഇളവും അർഹിക്കുന്നില്ലെന്ന് ഹൈക്കോടതി. പോക്സോ കേസിൽ വിചാരണ കോടതി ജീവപര്യന്തവും കഠിനതടവും വിധിച്ചതിനെതിരെ പ്രതിയായ പിതാവ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് സ്വന്തം മകളെ തന്നെയാണ് എന്നതും സംഭവം നടക്കുമ്പോൾ കുട്ടിക്ക് ഒൻപതു വയസ്സു മാത്രമാണുണ്ടായിരുന്നതെന്നും കണക്കാക്കുമ്പോള്‍ ലഭിച്ച ശിക്ഷ ഒട്ടും കൂടുതലല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
2013ലാണ് കേസിന് ആസ്പദമായ സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന മകളെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം പ്രതി ലൈംഗികമായി ഉപദ്രവിച്ചെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ജോലി കഴിഞ്ഞ് മാതാവ് തിരിച്ചെത്തിയപ്പോഴാണ് കുട്ടി നടന്ന കാര്യങ്ങൾ പറയുന്നത്.
എന്നാല്‍ വിചാരണ കോടതി മുൻപാകെ പ്രതി കുറ്റം നിഷേധിച്ചു. മറ്റൊരാളുമായി അടുപ്പത്തിലായ ഭാര്യ തന്നെ ഒഴിവാക്കുന്നതിനായി ഇത്തരമൊരു കേസിൽ അകപ്പെടുത്തുകയായിരുന്നെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ ഇക്കാര്യത്തിൽ തെളിവുകൾ ഹാജരാക്കാൻ പ്രതിക്കു കഴിഞ്ഞില്ല. തുടർന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ വിചാരണക്കോടതി പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷയ്ക്കും 5 വർഷം കഠിനതടവിനും പിഴ അടയ്ക്കാനും വിധിച്ചു. ഇതിനെതിരെയാണ് പ്രതി 2017ൽ ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയതെന്നും മറ്റു തെളിവുകൾ ഇല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതുമാത്രം തെളിവായി സ്വീകരിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. മാത്രമല്ല, വളരെ കൂടിയ ശിക്ഷയാണ് പ്രതിക്ക് നൽകിയിരിക്കുന്നത്, ആരോപിക്കപ്പെടുന്ന കുറ്റത്തിന് അർഹിക്കുന്നതിലും വലിയ ശിക്ഷ വിധിച്ചിരിക്കുന്നു. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാലും ശിക്ഷയുടെ കാര്യത്തിലെങ്കിലും ഇളവ് ഉണ്ടാകണമെന്നും പ്രതിഭാഗം വാദിച്ചു.
തുടർന്ന് കേസിലെ തെളിവുകൾ പരിശോധിച്ച ഹൈക്കോടതി കുട്ടിയുടെ അമ്മ നല്‍കിയ മൊഴി പരിശോധിച്ചു. ജോലി കഴിഞ്ഞെത്തിയ മാതാവിനോട് കുട്ടി ഉണ്ടായ സംഭവങ്ങൾ പറഞ്ഞു. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ച ശേഷം മാതാവ് പിറ്റേന്ന് തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. മറ്റൊരു ബന്ധമുള്ളതിനാൽ ഭർത്താവിനെ ഒഴിവാക്കുന്നതിനായി കെട്ടിച്ചമച്ചതാണ് കേസ് എന്ന പ്രതിഭാഗത്തിന്റെ വാദവും മാതാവ് നിഷേധിച്ചു. ഈ സംഭവത്തിനു ശേഷവും പ്രതിക്കൊപ്പം തന്നെ ജീവിക്കാനാണ് ശ്രമിച്ചത്. എന്നാൽ മകളെ വീണ്ടും ഉപദ്രവിക്കുകയാണ് പ്രതി ചെയ്തത് എന്നാണ് അവർ പറഞ്ഞത്. കുട്ടിയുടെ മാതാവിന്റെ മൊഴി തങ്ങൾ വിശദമായി പരിശോധിച്ചെന്നും അത് അവിശ്വസിക്കാൻ കാരണമൊന്നുമില്ലെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. താൻ നേരിട്ട അതിക്രമത്തെ കുറിച്ച് പെൺകുട്ടിയും വ്യക്തമായി തന്നെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
മറ്റൊന്ന് പ്രതിഭാഗം ആവശ്യപ്പെട്ട ശിക്ഷാ ഇളവിന്റെ കാര്യമാണ്. പോക്സോ നിയമം അനുസരിച്ചാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കുട്ടിയുടെ സ്വന്തം പിതാവ് തന്നെയാണ് പ്രതി എന്നതാണ് വസ്തുത. ഈ അതിക്രമം ഉണ്ടാകുമ്പോൾ കുട്ടിക്ക് 9 വയസ്സു മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ പ്രതിയുടെ ശിക്ഷ കൂടിപ്പോയെന്നോ കുറ്റത്തിന് അർഹിക്കുന്നതിലും അധികമാണെന്നോ അഭിപ്രായമില്ലെന്ന് കോടതി വ്യക്തമാക്കി.