നടൻ ജയൻ രവി വിവാഹമോചിതനാകാൻ പോകുന്നു എന്ന വിവരം വലിയ വാർത്താ പ്രാധാന്യം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നേടിയിരുന്നു. പ്രസിദ്ധനായ ഒരു നടൻ വിവാഹ ബന്ധം വേർപെടുത്താൻ ഒരുങ്ങുന്നു എന്നതിനാൽ ആയിരുന്നില്ല വാർത്താ മാധ്യമങ്ങൾ ഏറ്റെടുത്തത്, മറിച്ച് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തിന് ഒരുങ്ങിയതെന്ന ജയം രവിയുടെ ഭാര്യ ആരതിയുടെ വാക്കുകൾ പുറത്തു വന്നതോടെയാണ്.
പത്രക്കുറിപ്പിലൂടെയാണ് 15വർഷം നീണ്ട തങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ജയം രവി വ്യക്തമാക്കിയത്. വിവാഹമോചന വാർത്തകൾക്കും ആരതിയുടെ പരസ്യ പ്രതികരണത്തിനും തൊട്ടുപിന്നാലെ ഗായിക കെനിഷ ഫ്രാൻസിസുമായുള്ള നടന്‍റെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ വിവാഹമോചന വിഷയത്തില്‍ ഭാര്യ ആരതിയെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ.
വിവാഹമോചനത്തിന് തയാറല്ലെങ്കിൽ താൻ അയച്ച വക്കീൽ നോട്ടീസുകളോട് ആര്‍തി പ്രതികരിക്കാത്തതെന്തെന്ന്ജയം രവി ചോദിക്കുന്നു. തനിക്ക് വിവാഹമോചനം വേണമായിരുന്നു. പക്ഷേ ആര്‍തി പറയുന്നതുപോലെ ഒരു അനുരഞ്ജനം നടത്താൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവർ തന്നെ സമീപിക്കാതിരുന്നതെന്നും ജയം രവി ചോദിക്കുന്നു. ഏറ്റവും പുതിയ ചിത്രമായ ‘ബ്രദറി’ന്റെ ഓഡിയോ ലോഞ്ച് വേളയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ.
എന്തുകൊണ്ടാണ് ഞാൻ അയച്ച രണ്ട് വക്കീൽ നോട്ടീസുകളോടും അവൾ പ്രതികരിക്കാത്തത്? അനുരഞ്ജനമാണ് ഉദ്ദേശമെങ്കിൽ ‘കാമുകി’യെ കുറിച്ച് വാർത്തകൾ ഉണ്ടാകുമോ? ഗായിക കെനിഷ ഫ്രാൻസിസുമായി ഞാൻ ഡേറ്റിങ് നടത്തുന്നെന്ന കിംവദന്തികൾ ആരംഭിച്ചത് എങ്ങനെയാണ്? എന്തിന് ആരെങ്കിലും മൂന്നാമതൊരാളെ അനാവശ്യമായി ഈ വിഷയത്തിലേക്ക് വലിച്ചിഴക്കണം? കെനിഷയുമായി ചേർന്ന് ഒരു ആത്മീയ രോഗശാന്തി കേന്ദ്രം ആരംഭിക്കാൻ ഞാൻ പദ്ധതിയിടുന്നു, ഞങ്ങൾ അനുയോജ്യമായ സ്ഥലത്തിനായി തിരയുകയാണ്. എന്റെ വിവാഹമോചനത്തിന് ഇതുമായി ഒരു ബന്ധവുമില്ല. ഈ വാർത്ത എന്റെ ഇമേജിനെ മോശമായി ബാധിക്കുന്നുണ്ട്. എന്റെ കുടുംബത്തിലെ മറ്റുള്ളവരെയും ഈ ആരോപണങ്ങൾ ബാധിക്കുന്നുണ്ട്. ഇതൊക്കെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
എന്റെ മക്കളായ ആരവ്, അയാൻ എന്നിവരുടെ സംരക്ഷണം വേണം. 10 വർഷമോ 20 വർഷമോ അല്ലെങ്കിൽ എത്ര സമയമെടുത്താലും ഇതിനായി കോടതിയിൽ പോരാടാൻ ഞാൻ തയാറാണ്. എന്റെ ഭാവി എന്റെ കുട്ടികളാണ്, അവരാണ് എന്റെ സന്തോഷം. എന്റെ മകൻ ആരവിനൊപ്പം ഒരു സിനിമ നിർമിക്കാനും ശരിയായ സമയത്ത് അവനെ സിനിമയിലേക്ക് കൊണ്ടുവരാനും ഞാൻ ആഗ്രഹിക്കുന്നു. അതാണ് ഞാൻ കണ്ട സ്വപ്നം. ആറ് വർഷം മുമ്പ് ടിക് ടിക് ടിക്കിൽ അവനോടൊപ്പം അഭിനയിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. ഞാൻ വീണ്ടും അത്തരമൊരു ദിവസത്തിനായി കാത്തിരിക്കുകയാണ്.