ഇതിഹാസ നടന്മാരായ രജനികാന്തിനെയും അമിതാഭ് ബച്ചനെയും പൊതുവേദിയിൽ അധിക്ഷേപിച്ച് നടൻ അലൻസിയർ. ഇരുവർക്കും അഭിനയിക്കാൻ അറിയില്ലെന്നും വേട്ടയൻ സിനിമ ചെയ്യാൻ പോയപ്പോഴാണ് താൻ അക്കാര്യം അറിഞ്ഞതെന്നും അലൻസിയർ പറഞ്ഞു. നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു വിവാദ പരാമർശം. ജോജു ജോർജ് ഉൾപ്പെടെയുള്ള താരങ്ങൾ വേദിയിലുണ്ടായിരുന്നു.
“നിങ്ങൾ ഇത്രയും നേരം ജോജുവിനോട് തമിഴ് സിനിമയിൽ അഭിനയിച്ച കാര്യങ്ങൾ ചോദിച്ചു. ഞാൻ വേട്ടയനിൽ അഭിനയിച്ച കാര്യം നിങ്ങൾ അറിഞ്ഞോ. രജനികാന്തിനോടൊപ്പവും അമിതാഭ് ബച്ചനോടൊപ്പവും ഞാൻ അഭിനയിച്ചു. തുറന്ന പുസ്തകം പോലെ ഞാൻ പറയുകയാണ്. എനിക്ക് ഒരു രൂപ പോലും ശമ്പളം കിട്ടിയില്ല. മുംബൈയിലേക്ക് ടിക്കറ്റ് തന്നു, ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും തന്നു. ജഡ്ജി വേഷത്തിൽ അവിടെ പോയി ഇരിക്കണം എന്ന് എന്നോട് പറഞ്ഞു.
അമിതാഭ് ബച്ചനും രജനികാന്തും എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് കാണണമെന്ന് വിചാരിച്ച് മാത്രമാണ് ഞാൻ പോയത്. അല്ലാതെ തമിഴ് സിനിമ ചെയ്യണമെന്നോ അവിടം കീഴടക്കണമെന്നോ ഞാൻ ചിന്തിക്കുന്നില്ല. ഇത് പറയുന്നത് കൊണ്ട് എനിക്ക് ഇനി തമിഴിൽ അവസരം കിട്ടുമെന്ന് തോന്നുന്നില്ല. ഞാൻ ചേംബറിൽ ഇരിക്കുന്നു. രജനികാന്ത് സാറും അമിതാഭ് ബച്ചൻ സാറും രണ്ട് വശത്തായുണ്ട്. പണ്ട് പഠിക്കുന്ന സമയത്തൊക്കെ രജനികാന്ത് പറന്നുപോകുന്ന റോക്കറ്റ് ചുണ്ടുകൊണ്ട് കടിച്ച് നിർത്തുന്ന സീനുകളൊക്കെ കണ്ടിട്ടുണ്ട്. ഇയാൾ എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് കാണണമായിരുന്നു. അങ്ങനെ മാത്രമാണ് പോയത്.
ഒരു ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടായിരുന്നത്. ആദ്യം രജനികാന്ത് വന്ന് ഒരു ആക്ഷൻ സീൻ ചെയ്തിട്ട് കോടതിയിൽ നിന്ന് ഇറങ്ങിപോയി. പിന്നീട്, സിംഹത്തിന്റെ ഗർജ്ജനം പോലെ അമിതാഭ് ബച്ചൻ വന്ന് സംസാരിച്ചു. അപ്പോൾ ജഡ്ജി ഞെട്ടി. ഇവരോടൊപ്പം പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് എനിക്ക് മനസിലായി. ഇവർക്ക് രണ്ടുപേർക്കും അഭിനയം അറിയില്ലെന്ന് അപ്പോഴാണ് തനിക്ക് മനസിലായതെന്നും”- അലൻസിയർ പറഞ്ഞു.