Spread the love

പനജി∙ ഗോവയിൽവച്ച് നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്ത് കൊലപാതകത്തിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം. മകനെ കൊലപ്പെടുത്തിയതിനു പിന്നാലെ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതായാണ് പൊലീസ് പറഞ്ഞത്. നാലു വയസ്സുകാരനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

‘‘കുട്ടിയുടെ കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. എന്നാൽ മൂക്കിലെ ഞരമ്പുകളിൽ ഒരു തരം വീക്കം ഉണ്ടായിട്ടുണ്ട്. ഇത് ശ്വാസംമുട്ടിച്ചപ്പോഴുണ്ടായതാകാം. തലയിണയോ തുണിയോ മറ്റു വസ്തുക്കളോ ഉപയോഗിച്ചാകാം കുട്ടിയെ ശ്വാസം മുട്ടിച്ചത്. ശരീരത്ത് മറ്റു മുറിവുകളൊന്നും ഇല്ല’’– കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞു.

സുചന താമസിച്ച മുറിയിൽ അപാർട്മെന്റ് ജീവനക്കാർ രക്തക്കറ കണ്ടിരുന്നു. ഇത് സുചന ആത്മഹത്യയ്ക്കു ശ്രമിച്ചതിന്റെ ഭാഗമായുള്ളതാണെന്നാണ് പൊലീസ് വിലയിരുത്തൽ. കുട്ടിയെ കൊല്ലണമെന്ന് വിചാരിച്ചിരുന്നില്ലെന്നും ഭർത്താവിനൊപ്പം വിട്ടയയ്ക്കാതിരിക്കാനാണ് ഗോവയിലേക്ക് വന്നതെന്നും സുചന പൊലീസിനോടു പറഞ്ഞു. ‘‘കുട്ടിയെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, കാരണം അത്രയ്ക്കും അവനെ സ്നേഹിച്ചിരുന്നു. എന്നാൽ അവൻ പെട്ടെന്നു തന്നെ മരിച്ചു. കുറേ നേരം ഭയപ്പെട്ട് മൃതദേഹത്തിനരികെ ഇരുന്നു. കൈ ഞരമ്പ് മുറിക്കുകയും ചെയ്തു’’–സുചന മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

4 വയസ്സുള്ള മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്തി (39)നെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. മലയാളിയായ ഭർത്താവ് വെങ്കട്ടരാമനുമായുള്ള ദാമ്പത്യ കലഹത്തെ തുടർന്നാണ് കൊൽക്കത്ത സ്വദേശിനിയായ സുചന സേത്ത് ക്രൂരതയ്ക്ക് മുതിർന്നതെന്ന് പൊലീസ് അറിയിച്ചു. വിവാഹ മോചനക്കേസ് നടപടികളുടെ ഭാഗമായി ഞായറാഴ്ചകളിൽ കുട്ടിയെ അച്ഛനൊപ്പം അയയ്ക്കാനുള്ള കോടതി നിർദേശം പാലിക്കാതിരിക്കാനാണിതു ചെയ്തതെന്ന് മൊഴി നൽകിയതായാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ച മകനൊപ്പം ഗോവയിലെ അപ്പാർട്മെന്റിൽ എത്തിയ സുചന, തിങ്കളാഴ്ച ഒറ്റയ്ക്കാണ് ബെംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ടത്. ഇതേക്കുറിച്ചു ചോദിച്ച അപാർട്മെന്റ് ജീവനക്കാരോട് മകനെ മഡ്ഗാവിലെ സുഹൃത്തിനെ ഏൽപിച്ചെന്നായിരുന്നു മറുപടി പറഞ്ഞത്. എന്നാൽ, മുറിയിൽ രക്തക്കറ കണ്ടെത്തിയ ജീവനക്കാർ ഗോവ പൊലീസിനെ വിവരം അറിയിച്ചു. സുഹൃത്തിന്റെ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് ചിത്രദുർഗ സ്റ്റേഷനിൽ തടഞ്ഞുവച്ച് പരിശോധിച്ചപ്പോൾ ഡിക്കിയിലെ ബാഗിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു .

Leave a Reply