പാൻ ഇന്ത്യൻ തലത്തിൽ തന്നെ വലിയ പ്രേക്ഷക പ്രശംസയും ആരാധക പിന്തുണയും ഇതിനോടകം നേടിയെടുത്തിട്ടുള്ള മലയാള താരമാണ് ഫഹദ് ഫാസിൽ. ആരാധകർ മാത്രമല്ല ഇന്ത്യയിലെ പ്രഗൽഭരായ താരങ്ങൾ പോലും ഫഹദിനൊപ്പം അഭിനയിക്കാൻ താല്പര്യമുണ്ടെന്നും അത്ഭുതപ്പെടുത്തുന്ന താരം ആണെന്നും വെളിപ്പെടുത്തുന്നതിൽ മലയാളികൾക്ക് അഭിമാനിക്കാം. ഇത്തരത്തിൽ തന്റെ ഏറ്റവും വലിയ ആയുധമായ കണ്ണുകൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും എന്നും പ്രേക്ഷകരെ സംതൃപ്തരാക്കാറുള്ള ഫഹദിനെ പ്രശംസിച്ചിപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനീകാന്തും
ഫഹദിനെ പോലൊരു നാച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെ കണ്ടിട്ടില്ല. അത്രയ്ക്ക് അസാധ്യ പെർഫോമൻസ് ആണ് അദ്ദേഹം കാഴ്ചവെക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയനിലെ താരത്തിന്റെ കഥാപാത്രത്തെ ഉദ്ധരിച്ചായിരുന്നു രജനീകാന്തിന്റെ പരാമർശം.
ചിത്രത്തിന്റെ ഡിസ്കഷൻ നടക്കുന്ന സമയത്ത് ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രം ആരാണ് ചെയ്യാൻ പോകുന്നതെന്ന് താൻ സംവിധായകനോട് ചോദിച്ചിരുന്നുവെന്നും എന്നാൽ ഈ കഥാപാത്രം ഫഹദ് ചെയ്താൽ മാത്രമേ നന്നാകു എന്ന തരത്തിൽ സംവിധായകൻ തന്നോട് സംസാരിച്ചുവെന്നും രജനികാന്ത് പറയുന്നു. ചിത്രത്തിൽ ഫഹദ് കൈകാര്യം ചെയ്തിരിക്കുന്ന കഥാപാത്രം വളരെ എന്റർടൈനിങ്ങ് ആയ ഒരു കഥാപാത്രമാണ്. താൻ ഫഹദിന്റെ തമിഴിലെ രണ്ട് ചിത്രങ്ങൾ മാത്രമേ അപ്പോൾ കണ്ടിരുന്നുള്ളൂ എന്നും അതു രണ്ടും സീരിയസ് കഥാപാത്രങ്ങൾ ആയിരുന്നു എന്നും അതുകൊണ്ടുതന്നെ ഫഹദ് ഇത്തരം കഥാപാത്രങ്ങൾ ചെയ്യുമോ എന്ന് താൻ സംവിധായകനോട് സംശയം പ്രകടിപ്പിച്ചു എന്നും രജനികാന്ത് പറയുന്നു. എന്നാൽ ഞാൻ സംവിധായകൻ ജ്ഞാനവേൽ ഫഹദിന്റെ മലയാളം സിനിമകൾ കണ്ടു നോക്കണമെന്നും സൂപ്പർ ആർട്ടിസ്റ്റ് ആണെന്നുമായിരുന്നു തന്നോട് പറഞ്ഞതെന്നും രജനികാന്ത് പറയുന്നു.