Spread the love

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ വിവാ​​ഹമോചന വാർത്തയ്‌ക്ക് പിന്നാലെയുണ്ടായ വിവാ​ദങ്ങളിൽ പ്രതികരിച്ച് പ്രശസ്ത ​ഗിറ്റാറിസ്റ്റും റഹ്മാന്റെ ട്രൂപ്പിലെ അംഗവുമായ ബാൻജില മോഹിനി ഡേ. റഹ്മാനും സൈറയും പിരിയാനുള്ള കാരണം മോഹിനി ഡേ എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. വിഷയം ചർച്ചയാകുന്നതിനിടെ അഭ്യൂഹങ്ങളിൽ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോഹിനി ഡേ. എആർ റ​ഹ്മാൻ തന്റെ പിതാവിനെ പോലെയാണെന്നും തനിക്കെതിരെയും അദ്ദേഹത്തിനെതിരെയും ഉയരുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും മോ​ഹിനി ഡേ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

‘എന്റെയും റഹ്മാന്റെയും വ്യക്തിപരമായ ജീവിതത്തിലുണ്ടായ രണ്ട് സംഭവങ്ങളെ കൂട്ടിക്കുഴച്ച് മാദ്ധ്യമങ്ങൾ അശ്ലീല വാർത്തകൾ പ്രചരിപ്പിക്കുന്നു. എട്ടര വർഷം എആർ റഹ്മാന്റെ ബാൻഡിലെ അം​ഗമായിരുന്നു ഞാൻ. അഞ്ച് വർഷം മുമ്പാണ് ഞാൻ അമേരിക്കയിലേക്ക് മാറിയത്. എആർ റഹ്മാൻ എന്ന വ്യക്തി ഒരു ഇതിഹാസമാണ്. അ​ദ്ദേഹം എനിക്ക് പിതാവിനെ പോലെയാണ്. എന്നാൽ ഇതിനെ തെറ്റായി ചിത്രീകരിക്കുന്ന ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു’.

എന്റെ റോൾ മോഡലാണ് എആർ റ​ഹ്മാൻ. എന്റെ കരിയറിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തി. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത്, ദയവായി അവസാനിപ്പിക്കണം. ഓരോ വ്യക്തികളുടെയും സ്വകാര്യതയെ മാനിക്കണമെന്നും മോ​ഹിനി ഡേ വീഡിയോയിൽ പറഞ്ഞു.

എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്ന് മോഹിനി ഡേ നേരത്തെയും വ്യക്തമാക്കിയിരുന്നു. കിംവദന്തികളോട് പ്രതികരിച്ച് ഊർജം കളയാൻ താൻ തയാറാല്ലെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നുമായിരിന്നു മോഹിനി ഡേയുടെ വാക്കുകൾ‌.

Leave a Reply