സിനിമയിലെ വിവേചനങ്ങളെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും മറ്റു കുറ്റകൃത്യങ്ങളെയും അക്കമിട്ട് നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന ‘പവർ ഗ്രൂപ്പ’ ഉണ്ടെന്ന് സ്ഥിരീകരിച്ച് നടി ശ്വേതാ മേനോനും. മലയാള സിനിമയിലെ ഈ പവർ ഗ്രൂപ്പ് കാരണം തനിക്ക് 9 സിനിമ നഷ്ടപ്പെട്ടുവെന്നും നടി കൂട്ടിച്ചേർത്തു. സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണം തന്നെ ഞെട്ടിപ്പിച്ചു എന്നും കാസ്റ്റിംഗ് കൗച് മലയാളത്തിൽ ഉണ്ടെന്നും നടി വ്യക്തമാക്കി. പറയപ്പെടുന്ന പവർ ഗ്രൂപ്പിൽ സ്ത്രീകളും ഉണ്ടെന്നും ശ്വേത പറഞ്ഞു.
സിനിമയിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയരാകുന്നുണ്ട്. തനിക്ക് നോ പറയേണ്ട ഇടത്ത് നോ പറയാൻ അറിയാം. തന്റെ അടുത്ത് ഇതുവരെ ആരും വന്നിട്ടില്ല. അതേസമയം പരാതി പറഞ്ഞാൽ കുറ്റപ്പെടുത്തൽ നേരിടേണ്ടി വരുന്നത് കൊണ്ടാണ് പലരും ധൈര്യപൂർവ്വം മുന്നോട്ടു വരാത്തതെന്നും സിനിമയുമായി ബന്ധപ്പെട്ട് കർശനമായ നിയമം വരണമെന്നും നടി ആവശ്യപ്പെട്ടു