Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാ​ഗതാർഹമെന്ന് നടൻ മോഹൻലാൽ. താൻ ഒരിക്കലും ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെച്ചതിനു ശേഷം മോഹൻലാൽ നടത്തുന്ന ആദ്യ പ്രതികരണമാണിത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. ഒരാളോ ഒരു സംഘടനയോ ക്രൂശിക്കപ്പെടരുത്. എല്ലാ മേഖലയിലും ഇത്തരം കമ്മിറ്റികൾ വേണം. ഹേമ കമ്മിറ്റിക്ക് മുമ്പാകെ രണ്ട് തവണ മൊഴി നൽകാൻ പോയിട്ടുണ്ട്. അവർ ചോദിച്ചതിനെല്ലാം മംറുപടി നൽകി. ഒരു ഭാഗം മാത്രം ഫോക്കസ് ചെയ്ത് മലയാള സിനിമയെ തകർക്കരുത്. അന്വേഷണം നടക്കട്ടെയെന്നും മോഹൻലാൽ.

മോഹൻലാലിന്‍റെ വാക്കുകൾ:

1978-ലാണ് ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ വീടിന്റെ മുന്നിലാണ്. അതേ തിരുവനന്തപുരത്ത് വെച്ച് ഞാൻ ഉൾപ്പെടുന്ന മേഖലയുടെ ദൗർഭാഗ്യമായ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ വിഷമം ഉണ്ട്. എന്റെ ശരിയും യുക്തിയും ബുദ്ധിയിലുമാണ് ഞാന്‍ സംസാരിക്കുന്നത്. മോഹൻലാൽ ഒളിച്ചോടിയിട്ടില്ല. കേരളത്തിൽ ഇല്ലായിരുന്നു. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു.

സിനിമ സമൂഹത്തിന്റെ ഭാഗം. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം. രണ്ട് തവണ കമ്മിറ്റിയുടെ മുന്നിൽ പോയിട്ടുണ്ട്. എന്റെ ശരികൾ പറഞ്ഞു. മൊത്തം സിനിമയെക്കുറിച്ചാണ് ചോദിച്ചത്. അതിനെപ്പറ്റി പറയാൻ പറ്റില്ല. അറിയുന്ന കാര്യങ്ങൾ പറഞ്ഞു. ‘അമ്മ’ എന്നത് ട്രേഡ് യൂണിയൻ സ്വഭാവമുള്ള അസോസിയേഷൻ അല്ല. കുടുംബം പോലെയാണ്. അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള വൈമുഖ്യം അറിയിച്ചിരുന്നു. നിലവിലെ വിവാദങ്ങൾക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്.

ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും സംഘടനയല്ല ഉത്തരം പറയേണ്ടത്. അതിലേക്ക് ഏറ്റവും കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും കൂടെയുള്ളവരിലേക്കുമാണ്. മാറി നില്‍ക്കാമെന്നത് കൂടിയാലോചിച്ചെടുത്ത തീരുമാനമാണ്. ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. കഷ്ടപ്പെട്ട് മുന്നോട്ട് പോകുന്ന മേഖലയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് സമാനമായ റിപ്പോര്‍ട്ട് എല്ലാ മേഖലയിലും വരണം. സിനിമാ മേഖല തകര്‍ന്നാല്‍ ഒരുപാടുപേര്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സംഘടന വേണം. നിയമനിര്‍മ്മാണം ഉണ്ടാക്കണം. ഇത്തരം കാര്യങ്ങളില്‍ തളര്‍ന്നുപോകുന്നവരാണ് കലാകാരന്മാര്‍. ആര് സംസാരിച്ചു സംസാരിച്ചില്ലായെന്നതല്ല. ഈ വ്യവസായം തകര്‍ന്നുപോകരുത്. എനിക്ക് പറയാനുള്ളത് ഇതൊക്കെയാണ്.

കേരള പൊലീസിന്റെ കാര്യം അവരാണ് നോക്കേണ്ടത്. ഞാനല്ല. എന്റെ കൈയ്യില്‍ നില്‍ക്കുന്ന കാര്യമല്ല. കോടതിയിലിരിക്കുന്ന കാര്യമാണ്. അതില്‍ അന്വേഷണം വേണം. അതില്‍ കൂടുതലുള്ള കാര്യങ്ങള്‍ പറയാന്‍ ഇല്ല. ഇനി ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാം. ഒരു ദിവസംകൊണ്ട് താരങ്ങള്‍ എങ്ങനെയാണ് മാധ്യങ്ങള്‍ക്ക് അന്യരായത്. ഒരു ശുദ്ധീകരണം ആവശ്യമായ ഘട്ടമല്ലേ, ഞങ്ങൾ സഹകരിക്കും.

കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനുശേഷമാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്. റിപ്പോർട്ട് പുറത്തുവന്നശേഷം മോഹൻലാലിന്റെ ആദ്യ പൊതുപരിപാടിയുംകൂടിയായിരുന്നു തിരുവനന്തപുരത്ത് നടന്നത്

Leave a Reply