കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ലഭിച്ച വിമർശനങ്ങളോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് രേണു. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രേണു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘ഞാൻ മാനസികമായി ഏറെ അടുത്ത വ്യക്തിയാണ് സുധിച്ചേട്ടൻ. ഞാൻ സന്തോഷിക്കുന്നത് കുറച്ചാളുകൾക്ക് ഇഷ്ടമല്ല. പലരും പച്ചയ്ക്ക് ചീത്തവിളിക്കാറുണ്ട്. ഒരു കമന്റിന് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞപ്പോൾ അയാൾ എന്നോട് സോറി പറഞ്ഞു. സുധിച്ചേട്ടനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവർ എന്നെ സഹായിച്ചത്. അല്ലാതെ കച്ചവടത്തിനായല്ല ഇതൊന്നും ചെയ്യുന്നത്.
ഞങ്ങൾക്ക് കുറച്ചാളുകൾ വീട് വച്ച് തന്നിരുന്നു. അതിനും ഒരുപാട് വിമർശനങ്ങൾ ഉണ്ടായി. ഞാൻ മക്കളെ വീട്ടിൽ നിന്നു പുറത്താക്കുമെന്നാണ് പറഞ്ഞത്. എന്റെ പേരിൽ പോലുമല്ല ഈ വീടുളളത്. മൂത്ത മകനെ ഞാൻ അടിച്ചിറക്കി എന്ന് പറയാറുണ്ട്. സുധിച്ചേട്ടന്റെ മക്കൾക്കായി കൊടുത്ത വീടാണ്. സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എന്നെയോ മക്കളെയോ ആർക്കും അറിയില്ലായിരുന്നു. എന്റെ ലോകം അദ്ദേഹവും മക്കളുമായിരുന്നു.
ജൂൺ ഏഴിനാണ് അദ്ദേഹം മരിച്ചത്. ഞങ്ങളുടെ വിവാഹവാർഷികം മേയ് ഏഴിനായിരുന്നു. അത് ആഘോഷിക്കാൻ കഴിയാത്തതിന് സുധിച്ചേട്ടന് ഭയങ്കര വിഷമമുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ 15 വയസിന്റെ വ്യത്യാസമുണ്ട്. പക്ഷെ ഞങ്ങളുടെ ജീവിതത്തിൽ അദ്ദേഹമായിരുന്നു കുട്ടി. സ്റ്റാർമാജിക് എന്ന പരിപാടിയിലുളളവർ ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം മരിച്ചതിനു ശേഷം ഞാൻ സ്റ്റാർമാജിക് കണ്ടിട്ടില്ല. അത് എന്റെ വ്യക്തിപരമായ കാര്യമാണ്. സങ്കടം ഉളളതുകൊണ്ടാണ് കാണാത്തത്. അദ്ദേഹത്തിന്റെ വീഡിയോ യൂട്യൂബിൽ വന്നാൽ മാറ്റി കളയും. എനിക്ക് സാധിക്കില്ല. ഒരിക്കലും തിരിച്ച് വരില്ല എന്ന് ഉറപ്പുളള വ്യക്തിയുടെ വീഡിയോ എങ്ങനെയാണ് കാണാൻ സാധിക്കുക.
ഞാൻ ഒരുങ്ങി നടക്കുന്നതിൽ ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. വെളളസാരി ഉടുത്ത് നടക്കണോ? ആരുടെയും ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. പലരും മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞിട്ടുണ്ട്. ഇന്നേവരെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല.സോഷ്യൽമീഡിയയിൽ എന്ത് പറഞ്ഞാലും ആളുകൾ തെറ്റ് മാത്രമേ കാണുകയുളളൂ. നിയമപരമായി ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്. സാധാരണ ഷൂട്ടിംഗ് കഴിഞ്ഞാൽ അദ്ദേഹം മേക്കപ്പ് മാറ്റിയിട്ടാണ് തിരികെ പോകാറുളളത്.
പക്ഷെ അപകടം നടന്ന ദിവസം അത് ചെയ്തിരുന്നില്ലെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് എന്നോട് പറഞ്ഞിരുന്നു. ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് ഞാൻ എത്ര വർഷം വേണമെങ്കിലും കരയാം. എന്നെക്കുറിച്ച് മോശം പറയുന്ന ആർക്കെങ്കിലും ഒരാൾക്ക് അദ്ദേഹത്തെ കൊണ്ടു തരാൻ സാധിക്കുമോ?’-രേണു ചോദിച്ചു