വൻ ക്യാൻവാസിലൊരുങ്ങുന്ന മോഹൻലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ട് ചിത്രം എമ്പുരാന്റെ അപ്ഡേറ്റുകളെല്ലാം ഞൊടിയിടകൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ഏറ്റവുമൊടുവിലിതാ ചിത്രവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് എഴുതിയ ഒരു കുറിപ്പാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്ന തരത്തിലുള്ളതാണ് താരത്തിന്റെ കുറിപ്പ്. ‘ലെ ആന്റണി: ഹെലികോപ്റ്റർ എന്തായാലും വരും എന്ന് ഞാൻ നേരത്തെ പറഞ്ഞു… ഹെലികോപ്റ്റർ വന്നു ! ഇനി വേറെ എന്തെങ്കിലും’ എന്നാണ് ആന്റണി പെരുമ്പാവൂരിനെ ടാഗ് ചെയ്ത് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. എന്തായാലും വൻ പ്രതീക്ഷയോടെ എമ്പുരാനായി ആകാംഷയോടെ ഇരിക്കുന്ന മലയാളികളെ പൃഥ്വിരാജിന്റെ പോസ്റ്റ് ഒന്ന് ഉണർത്തിയിട്ടുണ്ട്. ചിത്രവും കുറിപ്പുമിപ്പോൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്തായാലും എമ്പുരാൻ നേടുക മലയാളത്തിലെ എക്കാലത്തെയും ഓപ്പണിംഗ് കളക്ഷൻ ആയിരിക്കുമെന്നാണ് സൂചന. മോഹൻലാല്‍ നായകനും പൃഥിരാജ് സംവിധായകനായും എത്തുന്ന ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളിൽ ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയവരും എത്തുന്നതോടെ പ്രേക്ഷകർക്ക് ആവേശം കൂടുകയാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്.
ഒന്നര ലക്ഷത്തിന് മുകളിൽ ലൈക്ക് ഇൻസ്റ്റഗ്രാമിൽ കിട്ടിവൈറലാവുന്ന ഫോട്ടോയ്ക്ക് എമ്പുരാനിലെ മുഖ്യമന്ത്രി കഥാപാത്രം കൈകാര്യം ചെയ്യുന്ന ടൊവിനോ തോമസുംകമന്റുമായെത്തിയിട്ടുണ്ട്. ‘ഇനി ഒരു പറക്കും തളിക’ എന്നാണ് ടൊവിനോ കുറിച്ചത്. നടന്റെ കമന്റ് ഏറ്റെടുത്ത ആരാധകർ പിന്നാലെ പൃഥ്വിയോട് ‘ചോദിച്ച് നോക്ക് എങ്ങാനും ബിരിയാണി കിട്ടിയാലോ?’ എന്നും പറയുന്നുണ്ട്.