സെലിബ്രിറ്റികളിൽ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്കിരയാകേണ്ടി വരാറുള്ളത് സ്ത്രീകളാണ്. പുരുഷ താരങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളിൽ മലയാളികൾ പൊതുവെ കാര്യമായി പങ്കെടുക്കാറില്ല എന്നു വേണം പറയാൻ. പക്ഷെ അപ്പോഴും സിനിമയിലെ ചെറിയ കൂട്ടം വിമർശന കല്ലേറ് കൊള്ളാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ.
ഗോപി എന്ത് ചെയ്താലും ശെരിയും തെറ്റും ചികയലാണ് സോഷ്യൽ മീഡിയ നിവാസികളിൽ ചിലരുടെ പണി. ഗോപിയുടെ മുൻ ബന്ധങ്ങളും തുടരെയുള്ള പങ്കാളികളുമാമായുള്ള വേർപിരിയലും, വിവാഹം കഴിക്കാതെയുള്ള ബന്ധം എന്ന കാഴ്ചപ്പാടുമൊന്നും പലർക്കും ദഹിക്കാത്തതുകൊണ്ട് തന്നെ തരം കിട്ടിയാൽ താരത്തെ ആക്രമിക്കലാണ് പലരുടെയും വിനോദം.
പൊതുവെ ഇത്തരം കമെന്റുകൾ മൈൻഡ് ചെയ്യാത്ത പ്രകൃതം ആണ് ഗോപി സുന്ദറിന്റേത്. ആളുകളുടെ കുറ്റവിചാരണകൾക്ക് അർഹിക്കുന്ന അവഗണന നൽകി സ്വന്തം ഇഷ്ടങ്ങൾക്കും രീതികൾക്കും പ്രാധാന്യം കൊടുത്ത് മാത്രം പോയിരുന്ന ഗോപി പക്ഷെ ഇത്തവണ അൽപം കലിപ്പിലാണ്. ഇത്തവണ തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളിട്ട ആളിനെതിരെ പരാതി നൽകിയിരിക്കുകയാണ് ഗോപി സുന്ദർ.

ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ഗോപി സുന്ദർ പോസ്റ്റുകൾ പങ്കിട്ടിരുന്നു. ഇതിനുതാഴെ സുധി എസ് നായർ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും തന്റെ അമ്മയ്ക്ക് എതിരെയും അശ്ലീല കമന്റുകൾ വന്നു എന്നാണ് താരത്തിന്റെ പരാതി. സൈബർ പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.