കാസർകോട് : കാസർകോട് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി. ബേഡഡുക്ക ഫാർമേഴ്സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു തീരുന്നതിനു മുൻപ് മെമന്റോ കൈമാറാൻ അനൗൺസ്മെന്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ‘ഞാൻ സംസാരിച്ച് കഴിഞ്ഞില്ല.. അയാൾക്ക് ചെവിടും കേൾക്കില്ലെന്ന് തോന്നുന്നു. ഇതൊന്നും മര്യാദയല്ല’ എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ട് ഇറങ്ങിപ്പോയത്.
‘ഔപചാരികമായി ഉദ്ഘാടനം ചെയ്തെന്ന് അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു’ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ അനൗൺസ്മെന്റ് ആരംഭിക്കുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ ഉപഹാരസമർപ്പണവും മുഖ്യമന്ത്രിയായിരുന്നു നടത്തേണ്ടിയിരുന്നത്. അതിനുനിൽക്കാതെയാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.