കമ്മീഷണർ, ദി കിംഗ്, ലേലം, പത്രം തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകൾ സമ്മാനിച്ച എഴുത്തുകാരനാണ് രഞ്ജി പണിക്കർ. ഷാജി കൈലാസ് – രഞ്ജി പണിക്കർ കോംബോയിലെത്തിയ സിനിമകളൊക്കെയും മലയാളികൾ എന്നും ആഘോഷിച്ചിട്ടുണ്ട്. എഴുത്തിനൊപ്പം സംവിധാനത്തിലും രഞ്ജി പണിക്കർ ചുവടുവെച്ചിട്ടുണ്ട്. രൗദ്രം, ഭരത്ചന്ദ്രൻ ഐപിഎസ് തുടങ്ങിയ സിനിമകൾക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം രഞ്ജി പണിക്കർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഗുഡ്വിൽ എൻ്റർടൈയ്ൻമെൻ്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് 2025 മാർച്ചിൽ ആരംഭിക്കുമെന്ന അപ്ഡേറ്റ് ആണിപ്പോൾ പുറത്തുവരുന്നത്. ഒരു ഫേസ്ബുക് പോസ്റ്റിൻ്റെ കമന്റിൽ ഒരു ആരാധകൻ ചിത്രത്തിനെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് നിർമാതാവ് ജോബി ജോർജ് സിനിമയുടെ അപ്ഡേറ്റ് നൽകിയത്. സിനിമയുടെ അനൗൺസ്‌മെന്റ് വീഡിയോ ഫഹദിന്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിനെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.