നിരവധി കോമഡി ഷോകളിലും സീരിയലുകളിലും സജീവമായിരുന്നു എങ്കിലും അപ്സര എന്ന നടിയെ മലയാളികൾക്ക് സുപരിചിതയാക്കിയത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന പരിപാടിയാണ്. സീരിയൽ സംവിധായകനും നടനുമായ ആൽബി ഫ്രാൻസിസ് ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരും വേർപിരിഞ്ഞു എന്നും അടുപ്പത്തിൽ അല്ല എന്നുമുള്ള വാർത്തകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അപ്സര തന്നെ. തന്റെ സഹോദരന്റെ വിവാഹത്തിനിടയിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
‘ജീവിതത്തിൽ ആരെയും വിശ്വസിക്കരുത്. അങ്ങനെ വിശ്വസിച്ചവരിൽ നിന്ന് സങ്കടപ്പെടേണ്ടി വന്നിട്ടുണ്ട്. ഇന്ന് എന്റെ സഹോദരന്റെ വിവാഹമായിരുന്നു. വിവാഹത്തിന് എന്റെ ഭർത്താവ് വന്നില്ല. പുതിയ പ്രോജക്ടുകളെക്കുറിച്ച് പറയുകയാണെങ്കിൽ ഒന്നും ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല. സിനിമയുടെ ചർച്ചകളൊക്കെ നടക്കുന്നു. ഭഗവതി അനുഗ്രഹിച്ച് എല്ലാം പെട്ടെന്ന് നടക്കട്ടെ. ഞാൻ ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇനി നല്ലൊരു വേഷം വരികയാണെങ്കിൽ ചെയ്യാം. അതല്ലെങ്കിൽ സിനിമ ചെയ്യാനാണ് ഇഷ്ടം’- അപ്‌സര പറഞ്ഞു.
സർക്കാർ സർവ്വീസിൽ പ്രവേശിക്കുന്നതിനെക്കുറിച്ചും അപ്‌സര പറഞ്ഞു. ‘ജോലിയുടെ കാര്യമൊന്നും റെഡിയായിട്ടില്ല. സർക്കാർ ഉത്തരവായി. പൊലീസിൽ ആയിരിക്കില്ല. റവന്യൂ വകുപ്പിൽ ആയിരിക്കും. അത് കിട്ടാൻ ഒരുപാട് വർഷം എടുക്കും. എന്റെ അച്ഛൻ പൊലീസ് ഓഫീസർ ആയിരുന്നു. സർവ്വീസിൽ ഇരിക്കുമ്പോഴാണ് അച്ഛൻ മരണപ്പെടുന്നത്. ജോലിക്ക് കയറണമെങ്കിൽ കുറച്ചുകൂടി സമയം എടുക്കും. അതുവരെ അഭിനയവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. ജോലിക്ക് കയറിക്കഴിഞ്ഞ് രണ്ടുവർഷത്തേക്ക് അഭിനയിക്കാൻ പറ്റില്ല. അതിനുശേഷം ദൈവം അനുഗ്രഹിച്ചാൽ അഭിനയത്തിലേക്ക് തന്നെ വരും. എനിക്ക് ഏറ്റവും ഇഷ്ടം അഭിനയിക്കാനാണ്. അതിൽ തുടരാണ് ആഗ്രഹവും’- നടി പറഞ്ഞു.