ശിവകാര്‍ത്തികേയന്‍ നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രം അമരനിൽ ഇന്ദു റെബേക്ക എന്ന സായി പല്ലവിയുടെ നായികാ കഥാപാത്രം ഉപോയോഗിച്ച മൊബൈൽ നമ്പർ തന്റേതാണെന്ന് കാട്ടി നിര്‍മ്മാതാക്കള്‍ക്കെതിരെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചത് നേരത്തെ വലിയ വാർത്ത ആയിരുന്നു. തന്‍റെ ഫോണ്‍ നമ്പര്‍ ചിത്രത്തിലെ ഇന്ദുവിന്റേതായി കാണിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. ഇപ്പോഴിതാ നിർമാതാക്കൾക്കെതിരെ വിദ്യാര്‍ഥി ആവശ്യപ്പെട്ട നഷ്ടപരിഹാരം ആണ് ചർച്ചയാകുന്നത്.
മൊബൈൽ നമ്പർ ഉപയോഗിച്ചതിലൂടെ തനിക്കുണ്ടായ മാനസികസംഘർഷത്തിന് 1.10 കോടി രൂപയാണ് നഷ്ടപരിഹാരമായി വിദ്യാർഥി ആവശ്യപ്പെട്ടത്. സിനിമയിൽ തന്റെ മൊബൈൽനമ്പർ കാട്ടിയതോടെ വിദേശരാജ്യങ്ങളിൽനിന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നും ആയിരക്കണക്കിനുപേരാണ് വിളിക്കുന്നതെന്നും ഇതിനാൽ വിശ്രമിക്കാനോ പഠിക്കാനോ കഴിയുന്നില്ലെന്നും വിദ്യാർഥി വ്യക്തമാക്കി.
‘തനിക്ക് ഇത്രയേറെ മാനസികസംഘർഷമുണ്ടാക്കിയതിന് കാരണക്കാർ ചിത്രത്തിന്റെ നിർമാതാവും സംവിധായകനുമാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും തെറ്റുതിരുത്താൻ തയ്യാറായില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് അവർക്ക് നോട്ടീസയച്ചിട്ടും ഫോൺകോളുകൾ വന്നുകൊണ്ടിരിക്കുന്നു. 1.10 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടണമെന്നും വിദ്യാർഥി ആവശ്യപ്പെട്ടു.