ഒരു സൂപ്പർസ്റ്റാർ എന്ന നിലയിലുള്ള യാതൊരുവിധ തലക്കനവും ഇല്ലാത്ത സഹപ്രവർത്തകരോടും ആരാധകരോടും ഒരുപോലെ എളിമയോടെ പെരുമാറുന്ന തമിഴ് നടൻ സൂര്യ തെന്നിന്ത്യക്കാരുടെ മിക്കവരുടെയും ഇഷ്ട താരമാണ്. തമിഴകത്ത് അറിയപ്പെടുന്ന നടനായ ശിവകുമാറിന്റെ മകൻ കൂടിയാണ് താരം. ഒരു നടൻ എന്നതിലുപരി മികച്ച വ്യക്തിത്വത്തിനുടമയും നിസ്വാർഥ സാമൂഹ്യ പ്രവർത്തകനും കൂടിയാണ് താരം. കാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതലും നിർധന വിദ്യാർത്ഥികൾക്ക് സഹായവും പഠന സൗകര്യവും നല്കുന്നതിലാണ് താരം തന്റെ ഫൌണ്ടേഷൻ ആയ അഗരം വഴി ലക്ഷ്യമിടുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ നേതൃത്വത്തിൽ 2006 സെപ്റ്റംബർറിൽ രൂപം കൊണ്ട അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികാഘോഷം ഇക്കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. തന്റെ സഹായത്തിൽ പഠനം പൂർത്തിയാക്കി ഡോക്ടർ ആയ 51 പേരിൽ വലിയൊരു ഭാഗം ചടങ്ങിന്റെ ഭാഗമായി വേദിയിൽ കയറിയെത്തിയപ്പോൾ വികാരാധീനനായ സൂര്യയുടെ വീഡിയോ ഇപ്പോൾ വയറലാണ്. തന്റെ 35ാം വയസ്സിലാണ് അഗരത്തിനു തുടക്കം കുറിച്ചതെന്ന് സൂര്യ പറഞ്ഞു. എന്നാൽ, ഇന്ന് അഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്, ഇവിടെ നിന്നു പഠിച്ചിറങ്ങിയ കുട്ടികളാണ്. ഇങ്ങനെയൊരു ചെയിൻ വരണമെന്നാണ് ആഗ്രഹിച്ചത്. അത് മനോഹരമായി ഇപ്പോൾ മുന്നോട്ടുപോകുന്നുവെന്നും സൂര്യ പരിപാടിയിൽ പറഞ്ഞു.
അഗരം ഫൗണ്ടേഷൻ ആരംഭിക്കുമ്പോൾ 100 പേരെ പഠിപ്പിക്കണമെന്നാണ് കരുതിയതെങ്കിലും 160 പേരാണ് പഠിക്കാനുള്ള ആഗ്രഹവുമായെത്തിയത്. എന്നാൽ ഒരുപാടുപേർ സഹായവുമായി വന്നു. ആ യാത്രയാണ് ഇപ്പോഴും തടസമില്ലാതെ പോകുന്നത്. ഈ മനോഹരമായ യാത്രയിൽ എന്നെയും കൂടെക്കൂട്ടിയതിന് നന്ദി. വിദ്യാർത്ഥികളായ നിങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഇതിനെല്ലാം കാരണം. നിങ്ങൾ പാതിവഴിയിൽ പഠനം നിർത്തിയിരുന്നെങ്കിൽ, സ്വപ്നം കണ്ടിരുന്നില്ലെങ്കിൽ ഈ 15 വർഷത്തെ യാത്ര നടക്കില്ലായിരുന്നുവെന്നും സൂര്യ പറഞ്ഞു.
അഗരം ഫൗണ്ടേഷൻ വഴി പഠനം പൂർത്തിയാക്കിയ 51 വിദ്യാർഥികൾ ഇന്ന് ഡോക്ടർമാരാണ്. ഈ 51 പേരും തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബങ്ങളില്‍നിന്നും ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടുന്നവരുമാണ്. ആയിരത്തിഎണ്ണൂറോളം പേർ എൻജിനീയർമാരായി ജോലി ചെയ്യുന്നു. അഗരത്തിൽ 60 ശതമാനത്തോളം പേരും പെൺകുട്ടികളാണ് എന്നതും ശ്രദ്ധേയമാണ്.










