സിനിമയിലും രാഷ്ട്രീയത്തിലും ശ്രദ്ധേയ സാന്നിധ്യമായ ആളാണ് നടി ഖുശ്ബു. ഇന്നും പല മേഖലകളിലും സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെയും ഒഴിവാക്കലുകളെയും താരം പറ്റാവുന്ന വേദികളിൽ ഒക്കെ ചൂണ്ടിക്കാണിക്കാറുണ്ട്. ഏറ്റവും ഒടുവിൽ ഇതാ ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ‘സിനിമയിൽ സ്ത്രീകളുടെ സുരക്ഷിതത്വം’ എന്ന വിഷയത്തിൽ സംസാരിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമാ മേഖലയില്‍ മാത്രമല്ല സമസ്ത മേഖലയിലും സ്ത്രീകൾ ചൂഷണം നേരിടേണ്ടി വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച നടി അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്ത് സഹനടനിൽ നിന്ന് താനും മോശം അനുഭവം നേരിടേണ്ടിവന്ന സാഹചര്യം ഉണ്ടായെന്നും എന്നാൽ താനത് സധൈര്യം കൈകാര്യം ചെയ്‌തെന്നും വ്യക്തമാക്കുന്നുണ്ട്.
സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലായിടങ്ങളിലും സ്ത്രീകള്‍ ചൂഷണം നേരിടേണ്ടി വരും. ലോക്കൽ ട്രെയിനിലോ വിമാനത്തിലോ ഷെയർ ഓട്ടോയിലോ യാത്ര ചെയ്യുമ്പോഴെല്ലാം ഇത്തരം അവസ്ഥയുണ്ടാകും. എന്നാൽ ആരെങ്കിലും നമ്മളെ ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം എന്നുപറഞ്ഞ നടി താൻ വെറും പുതുമുഖമായിരുന്ന കാലത്ത് നേരിടേണ്ടിവന്ന മോശം അനുഭവം വിവരിക്കുകയായിരുന്നു.
ഒരിക്കൽ ഒരു നായക നടൻ ‘ആരും കാണാതെ നീ എനിക്കൊരു അവസരം തരുമോ?’ എന്ന് എന്നോട് ചോദിച്ചു. ഉടൻ ചെരുപ്പ് ഉയർത്തികൊണ്ട് ‘എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്. ഇവിടെ വെച്ച് രഹസ്യമായി അടി കൊള്ളുന്നോ, അതോ മുഴുവന്‍ യൂണിറ്റിന്റെയും മുന്നില്‍വെച്ച് അടി കൊള്ളുന്നോ?’ എന്ന് ഞാൻ മറുപടി പറഞ്ഞു.
‘ഒരു പുതുമുഖം എന്ന നിലയിൽ എന്റെ കരിയറിന് എന്ത് സംഭവിക്കും എന്ന് ഞാൻ ആലോചിച്ചില്ല, ഞാൻ പ്രതികരിച്ചു. എന്തിനേക്കാളും എൻ്റെ ബഹുമാനം എനിക്ക് പ്രധാനമാണെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾ സ്വയം ബഹുമാനിക്കേണ്ടതുണ്ട്, അപ്പോൾ മാത്രമേ മറ്റൊരാൾ നിങ്ങളെ ബഹുമാനിക്കുകയുള്ളൂ,’ എന്ന് ഖുശ്ബു പറഞ്ഞു.