Spread the love

മലയാള സിനിമയിൽ അച്ചടക്കലംഘനങ്ങളും തർക്കങ്ങളും ഇതാദ്യമായല്ല. എന്നാൽ, സിനിമാവ്യവസായം വൻ പ്രതിസന്ധി നേരിടുമ്പോഴാണ് ഈ അച്ചടക്കലംഘനങ്ങളെല്ലാം നടക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അതുകൊണ്ടുതന്നെയാണ് ചെറിയ തർക്കങ്ങൾ വലിയ പൊട്ടിത്തെറിയായതും. മലയാളത്തിൽ ഈ വർഷം ഇതുവരെ ഇറങ്ങിയ 75 സിനിമകളിൽ നിർമാതാവിനു കാര്യമായ ലാഭം നേടിക്കൊടുത്തത് ‘രോമാഞ്ചം’ എന്ന ഒരേയൊരു ചിത്രം മാത്രമാണ്.

കുറഞ്ഞത് 300 കോടിയുടെ നഷ്ടമാണ് നാലു മാസംകൊണ്ട് ഉണ്ടായത്. പണ്ടു സ്കൂൾ അടച്ചാൽ വിഷു മുതൽ തിയറ്ററുകളിൽ പൂരത്തിരക്കായിരുന്നു. ഇക്കുറി എല്ലാം തകിടം മറിഞ്ഞു. വെള്ളിയാഴ്ചകളിൽ വന്നുപോകുന്ന ചിത്രങ്ങൾ എത്രയെന്നുപോലും ആർക്കുമറിയാത്ത സ്ഥിതി! മാസം ശരാശരി 18 സിനിമകൾ ഇറങ്ങിയിട്ടും വിജയശതമാനം ദയനീയമായി കുറഞ്ഞു. അഞ്ചു കോടി ചെലവാക്കിയ ചിത്രങ്ങൾക്കു തിയറ്ററിൽനിന്നു ലഭിച്ച പ്രൊഡ്യൂസർ ഷെയർ 40 ലക്ഷത്തിൽ താഴെ മാത്രം. പോസ്റ്ററിനും പ്രമോഷനും ചെലവഴിക്കുന്ന പണംപോലും കലക്‌ഷനായി കിട്ടുന്നില്ല.ദിവസം 5000 രൂപ കലക്​ഷൻ ഇല്ലാത്ത തിയറ്ററുകളുണ്ട്. കൊച്ചിയിലെ ചെറിയ ചായക്കടയുടെ വരുമാനത്തെക്കാൾ കുറവ്. പ്രേക്ഷകർക്കു മുന്നിൽ കണ്ടന്റുകൾ ആവശ്യത്തിലേറെയാണ്. ഒടിടിയിൽ നിറയെ സിനിമകളാണ് ’’– കണക്കുകൾ നിരത്തി പ്രമുഖ നിർമാതാവ് പറഞ്ഞു.

നഷ്ടം കൂടുമ്പോഴും ചെലവ് കുറയുന്നില്ല.

സിനിമ പരാജയപ്പെടുമ്പോഴും നിർമാണച്ചെലവു കുറയുന്നില്ല. താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രതിഫലം കൂടിക്കൊണ്ടിരിക്കുന്നു. അതിനിടയിലാണ് ചില യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മ. താരങ്ങൾ കൃത്യസമയത്ത് സെറ്റിലെത്താത്തതുമൂലം നിർമാണച്ചെലവു കുതിച്ചുയരുന്നതായി നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഒൻപതിനു ഷൂട്ടിങ് തുടങ്ങണമെന്നു കണക്കുകൂട്ടിയാലും ചില യുവതാരങ്ങളെത്തുന്നത് 11 മണിക്കാണ്. മേക്കപ്പ് കഴിഞ്ഞ് താരം ഇറങ്ങുമ്പോൾ രണ്ടു മണി. പലരും ഫോൺ വിളിച്ചാൽ എടുക്കാറുമില്ല. 50 ദിവസം കൊണ്ട് ചിത്രീകരിക്കേണ്ട സിനിമകൾ പൂർത്തിയാക്കാൻ 75–100 ദിവസം വേണ്ടിവരുന്ന അവസ്ഥ.

മലയാള സിനിമയിലെ പ്രതിദിന നിർമാണച്ചെലവ് 3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ്. 10 ദിവസം അധികം ഷൂട്ട് ചെയ്താൽ 50 ലക്ഷം രൂപ വരെയാണ് നിർമാതാവിനു നഷ്ടം. ഷൂട്ടിങ്ങിനു മുൻപുതന്നെ നിർമാതാവും സംവിധായകനും പ്രൊഡക്‌ഷൻ കൺട്രോളറും ചേർന്ന് ബജറ്റ് നിശ്ചയിച്ച് താരങ്ങളുമായി കരാർ ഒപ്പിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നൽകുന്നതാണ് വർഷങ്ങളായുള്ള രീതി. ഈ ബജറ്റിന്റെ ഇരട്ടി മുടക്കിയാലും ഇപ്പോൾ സിനിമ തിയറ്ററിൽ എത്തിക്കാനാവുന്നില്ല.

ഉറങ്ങിപ്പോയതുമൂലം സ്വന്തം സിനിമയുടെ പൂജയ്ക്ക് എത്താൻ കഴിയാതെ പോയ നായകനടന്മാരുടെ കാലമാണിതെന്നു നിർമാതാക്കൾ പറയുന്നു. ഇത്തരം അമിതമായ ഉറക്കങ്ങളുടെ രഹസ്യമാണ് ചുരുളഴിയേണ്ടതെന്നും അവർ പറയുന്നു. ഈ അന്വേഷണം ചെന്നെത്തുന്നത് രാസ ലഹരിയുടെ കണ്ണികളിലേക്കാണെന്നും തെളിവുനിരത്തി അവർ വാദിക്കുന്നു. സിനിമയിലെ ലഹരിക്കാരുടെ പട്ടിക കൈമാറുമെന്ന ഉറച്ച നിലപാടിലാണ് നിർമാതാക്കൾ. തങ്ങൾ കൊടുക്കാതെതന്നെ പട്ടിക സംസ്ഥാന പൊലീസിന്റെ കയ്യിലുണ്ടെന്നും അവർ പറയുന്നു. എന്നാൽ, ലഹരിയുടെ കാര്യത്തിൽ അടച്ചാക്ഷേപിക്കാൻ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക തയാറല്ല.

ഇപ്പോൾ നിസ്സഹകരണം പ്രഖ്യാപിച്ച ശ്രീനാഥ് ഭാസിയുടെയും ഷെയ്ൻ നിഗമിന്റെയും കാര്യത്തിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നാണ് സംഘടനകൾ പറയുന്നത്. ഡേറ്റിലെ കൃത്യതയില്ലായ്മയും അച്ചടക്കമില്ലായ്മയുമാണ് ശ്രീനാഥിനു വിനയായത്. 70 ലക്ഷം രൂപ ഒരു നിർമാതാവ് ശ്രീനാഥിനും മറ്റുള്ളവർക്കുമായി പുതിയ പ്രോജക്ടിനു ചെലവിടുന്നു. ഡേറ്റ് സംബന്ധിച്ച തീരുമാനം നീണ്ടുപോയതോടെ നിർമാതാവ് നടനെത്തേടി കൊടൈക്കനാലിലെത്തി. അവിടെ താമസിച്ചു ചർച്ച നടത്തിയെങ്കിലും കാര്യങ്ങൾ വഷളായി. പ്രോജക്ടിലേക്കു കടന്നപ്പോൾതന്നെ നിർമാതാവിന്റെ 20 ലക്ഷം രൂപ വെള്ളത്തിലായി.

തന്റെ വേഷം കേന്ദ്രകഥാപാത്രമല്ലേ എന്ന ആശങ്കയിൽനിന്നാണ് ഷെയ്ൻ നിഗമിന്റെ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ചിത്രത്തിന്റെ കരാറൊപ്പിടുമ്പോൾ താൻ കേന്ദ്രകഥാപാത്രമായിരുന്നുവെന്നും ചിത്രം മുന്നോട്ടുപോകുമ്പോൾ പഴയ പ്രാധാന്യം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ഷെയ്ൻ നിർമാതാവിനു മെയിൽ അയച്ചു. ഇനി ചിത്രത്തിന്റെ പോസ്റ്ററോ പ്രചാരണമോ എന്തുവന്നാലും തന്റെ പ്രാധാന്യം കുറയരുതെന്ന് ഓർമപ്പെടുത്തുകയും ചെയ്തു. ഇത്രയും കാര്യങ്ങൾ അണിയറപ്രവർത്തകരും അംഗീകരിച്ചു. എന്നാൽ, ചിത്രത്തിന്റെ എഡിറ്റ് വേർഷൻ കൂടി കാണണമെന്ന് ആവശ്യപ്പെട്ടതോടെ ഷെയ്നിന്റെ കരിയറിൽ രണ്ടാമത്തെ വിലക്കും വീണു. ഇപ്പോൾ പുറത്തുവന്ന പേരുകൾ രണ്ടു പേരുടേതാണെങ്കിലും ഇത്തരം പ്രശ്നങ്ങളിൽ പേരു പുറത്തുപറഞ്ഞുതന്നെ മുന്നോട്ടു പോകാനാണ് സംഘടനകളുടെ നീക്കം.

ലഹരി ഇറങ്ങിയ വഴി

അഭിമുഖങ്ങളിൽ തലതിരിയുന്ന താരത്തിനു മുതിർന്നൊരു സംവിധായകന്റെ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ രണ്ടു ദിവസമായി എന്തോ പ്രശ്നമുള്ളതുപോലെ. വിളിച്ചാൽ അര മണിക്കൂർ കഴിഞ്ഞേ വരൂ. ഷോട്ട് വീണ്ടും വച്ചാൽ അസ്വസ്ഥത. സംവിധായകൻ തോളിൽ കയ്യിട്ടു താരത്തെ പുറത്തേക്കു കൊണ്ടുപോയി. ഇനിയും ഇതു തുടർന്നാൽ പുറത്താക്കുമെന്നും അതിനുശേഷം അടിച്ചു കാലൊടിക്കുമെന്നും വ്യക്തമാക്കി. അതോടെ ലഹരി ഇറങ്ങി, എല്ലാം ശാന്തമായി.

ഒടിടിയുടെ പേരിൽ ചതിക്കുഴി.

സിനിമ നിർമിക്കാനെത്തുന്ന പ്രവാസികളെ സംവിധായകരും പ്രൊഡക്‌ഷൻ രംഗത്തെ പ്രമുഖരും വീഴ്ത്തുന്നതു ഒടിടിയുടെ കഥ പറഞ്ഞാണ്. ഇറങ്ങും മുൻപേ ലാഭമെന്നാകും കണക്ക്. എന്നാൽ, എട്ടുമാസമായി വിരലിലെണ്ണാവുന്ന സിനിമകളേ ഒടിടി പണം കൊടുത്തു വാങ്ങിയിട്ടുള്ളൂ. 170 സിനിമളെങ്കിലും കച്ചവടത്തിനായി വരിയിലുണ്ട്. ഇതിൽ പലതിനും നെറ്റ്ഫ്ലിക്സും ആമസോണും സോണിയും വാഗ്ദാനം ചെയ്യുന്നതു രണ്ടോ മൂന്നോ കോടി രൂപയാണ്. ജനുവരിക്കുശേഷം നിർമാണച്ചെലവിനു തുല്യമായ തുക നൽകി ഒടിടികൾ എടുത്തതു മൂന്നുസിനിമ മാത്രം.
ഒടിടികൾ പിന്മാറാനുള്ള പ്രധാനകാരണം വിശ്വാസവ‍ഞ്ചനയാണ്. ഹിറ്റാകുമെന്ന് ഉറപ്പിച്ചു പറയുകയും തകർന്നു തരിപ്പണമാകുകയും ചെയ്ത സിനിമകളുടെ എണ്ണം കൂടി. 24 കോടി രൂപയ്ക്ക് ഒടിടിയിൽ വിറ്റ സിനിമ തിയറ്ററിൽനിന്നു നേടിയതു 35 ലക്ഷം രൂപ മാത്രം.


Leave a Reply