Spread the love

മാനന്തവാടി∙ കാട്ടിൽനിന്നു പത്ത് കിലോമീറ്റർ അകലെയുള്ള മാനന്തവാടി ടൗണിൽ ആനയെത്തിയെന്ന വാർത്ത കേട്ടാണ് വെള്ളിയാഴ്ച വയനാട് ഉണർന്നത്. ഒരു പകൽ മുഴുവൻ ആന നാട്ടുകാരെ മുൾമുനയിൽ നിർത്തി. എന്നാൽ വൈകിട്ടോടെ ആനയെ മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പുർ വനത്തിലേക്കു മാറ്റിയതോടെയാണ് നാട്ടുകാർ പ്രത്യേകിച്ച് മാനന്തവാടിക്കാർ ഉറങ്ങാൻ കിടന്നത്. എന്നാൽ ശനിയാഴ്ച രാവിലെയും ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് വയനാട് ഉണർന്നത്. മയക്കുവെടി വച്ച് പിടികൂടിയ ആന ചരിഞ്ഞു. ആനകളെയും കടുവകളെയും പിടികൂടുന്ന വാർത്ത വയനാട്ടുകാർക്ക് പുത്തരിയില്ല. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന കാര്യങ്ങൾ മുൻപൊരിക്കലും ഉണ്ടാകാത്തതാണ്.

ടൗണിലൂടെ അലഞ്ഞ് നടക്കുകയും ഒരു ദിവസം മുഴുവൻ ടൗണിന് അടുത്ത് നിലയുറപ്പിച്ചിട്ടും ആർക്കും ഒരു പോറൽ പോലും ഏൽപ്പിക്കാതിരുന്ന കർണാടകയുടെ തണ്ണീർക്കൊമ്പനെ മാനന്തവാടിക്കാർ ഇഷ്ടപ്പെട്ടിരുന്നു. തണ്ണീർക്കൊമ്പന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടു വയനാട്ടുകാരായ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നത്. പൂർണ ആരോഗ്യവാനായി കാണപ്പെട്ട ആന എങ്ങനെ ചരിഞ്ഞു എന്ന ചോദ്യമാണ് എല്ലാ മേഖലയിൽനിന്നും ഉയരുന്നത്.

എന്താണ് മരണ കാരണം ?

25 വയസ്സുള്ള ആനയാണ് ചരിഞ്ഞത്. മരണത്തിന് കാരണമായി പല കാരണങ്ങളും പറയപ്പെടുന്നു. അതിൽ പ്രധാനമായും പറയപ്പെടുന്നത് ആനയെ മയക്കാൻ കുത്തിവച്ച മരുന്നിന്റെ അളവ് തെറ്റിയതായിരിക്കാം എന്നതാണ്. ഒരു മാസത്തിനിടെ രണ്ടുതവണ ആനയ്ക്ക് മയക്കുവെടി വയ്ക്കുകയും ചെയ്തു. ഇതും മരണത്തിനു കാരണമായേക്കാമെന്നാണു കരുതുന്നത്. എന്നാൽ ഇടുക്കിയിൽ അരിക്കൊമ്പനെയും ഒരു മാസത്തിനിടെ രണ്ട് തവണ മയക്കുവെടി വച്ചിരുന്നു. ചിന്നക്കനാലിൽനിന്നു മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആന തമിഴ്നാട്ടിൽ ഇറങ്ങിയപ്പോൾ തമിഴ്നാട് വനംവകുപ്പും മയക്കുവെടി വച്ച് പിടികൂടി. അരിക്കൊമ്പനെ പിന്നീട് കോതയാറിൽ തുറന്നുവിടുകയായിരുന്നു. പൂർണ ആരോഗ്യവാനായ ആന കോതയാറിലെ വനവുമായി ഇണങ്ങി ജീവിക്കുകയാണ്. അതിനാൽ രണ്ട് തവണ മയക്കുവെടി വച്ചത് മരണകാരണമാകാൻ ഇടയില്ലെന്നും പറയുന്നു.

മരുന്നിന്റെ അളവ് മാറിപ്പോയോ എന്നതാണ് അടുത്ത പ്രധാന സംശയം. ആനയെ മയക്കുവെടി വയ്ക്കുന്നതിന് മുൻപ് കൃത്യമായ പഠനം നടത്താറുണ്ട്. ആഴ്ചകളോളം നിരീക്ഷിച്ച് ആനയുടെ ആരോഗ്യനിലയും മറ്റും പഠിച്ചശേഷമാണു മയക്കുവെടി വയ്ക്കുന്നത്. ആനയുടെ പ്രായവും തൂക്കവുമുൾപ്പെടെ കണക്കാക്കിയശേഷമാണ് എത്ര അളവ് മരുന്നുവേണമെന്ന് നോക്കുന്നത്. എന്നാൽ മാനന്തവാടിയിൽ ആന ഇറങ്ങി 12 മണിക്കൂർ ആയപ്പോഴേക്കും മയക്കുവെടി വച്ചു. ഏകദേശം എട്ടുമണിക്കൂർ മാത്രമാണ് ആനയെ നിരീക്ഷിക്കാനുള്ള സമയം കിട്ടിയത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആനയെ മയക്കുവെടിവച്ച് കൊണ്ടുപോയി.

ആനയെ മയക്കുവെടി വയ്ക്കുന്നതിൽ അനാവശ്യ തിടുക്കം കാട്ടിയെന്ന കുറ്റപ്പെടുത്തലുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി. നഗരമധ്യത്തിൽ ഇറങ്ങിയിട്ടും പകൽ മുഴുവൻ നാട്ടിൽ തന്നെ തങ്ങിയിട്ടും യാതൊരു പ്രകോപനവും ഉണ്ടാക്കാതിരുന്ന ആനയെ എന്തിന് ഇത്ര തിടുക്കത്തിൽ മയക്കുവെടി വച്ചു എന്നാണ് പരിസ്ഥിതി സംരക്ഷകർ ഉയർത്തുന്ന ചോദ്യം. രാത്രിയിൽ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ വനത്തിലേക്ക് കയറ്റാൻ സാധിക്കുമായിരുന്നു എന്നും ഇവർ വാദിക്കുന്നു.

വയലിൽ പൂർണ ആരോഗ്യത്തോടെ നിന്നിരുന്ന ആന വെടിയേറ്റതോടെ കുഴഞ്ഞ അവസ്ഥയിലായി. ലോറിയിൽ കയറ്റിയപ്പോൾ തന്നെ ആനയുടെ ആരോഗ്യത്തെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ആന ലോറിയിൽ നിലയുറയ്ക്കാതെ ആടുന്നുണ്ടായിരുന്നു. ആനയുടെ കാലിന് പരുക്കേറ്റിരുന്നു. എന്നാൽ അത് സാരമുള്ള പരുക്കല്ല എന്ന് കാഴ്ചയിൽ തന്നെ മനസ്സിലായിരുന്നു.

Leave a Reply