കൊടുവള്ളി: റോഡു മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന രണ്ടു സ്ത്രീകൾ മരിച്ചു. വാവാട് കണ്ണിപ്പുറായിൽ സുഹറ (50), പുല്‍ക്കുഴിയില്‍ ആമിന (70) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വാവാടു സിവിൽ സപ്ലൈസ് ഗോഡൗണിനു സമീപത്തായിരുന്നു അപകടം.
വാവാടു പുതിയ ജാറത്തിനു സമീപത്തെ വിവാഹ വീട്ടില്‍ നിന്നു മടങ്ങുകയായിരുന്ന അഞ്ചു സ്ത്രീകളെയാണു റോഡു മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു തെറിപ്പിച്ചത്. കൊടുവള്ളി ഭാഗത്തുനിന്നു താമരശ്ശേരിക്കു പോകുകയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. സുഹറയുടെ സഹോദരി കണ്ണിപ്പുറായിൽ മറിയ (65) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. കുളങ്ങരക്കണ്ടിയില്‍ മറിയ, കുളങ്ങരകണ്ടിയില്‍ ഫിദ (23) എന്നിവർ ചികിത്സയിലാണ്.