‘എമ്പുരാൻ’ സിനിമയുടെ നന്ദി കാർഡിൽ നിന്നും തന്റെ പേര് ഒഴിവാക്കിയത് താൻ ആവശ്യപ്പെട്ടിട്ടാണെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമയ്ക്കു നേരെ ഒരു തരത്തിലുമുള്ള സമ്മദർവും ഉണ്ടായിട്ടില്ലെന്നും രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.‘‘’എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് സെൻസറിങിനായി യാതൊരു സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിട്ടില്ല. അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റിയത് നിര്‍മാതാക്കള്‍ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്തതാണ്. എന്റെ പേര് ക്രെഡിറ്റില്‍ നിന്ന് ഞാന്‍ വിളിച്ച് പറഞ്ഞ് നീക്കം ചെയ്യിപ്പിച്ചതാണ്. നിർമാതാവിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതാണ് യഥാര്‍ഥ്യം. ഇത് നുണയാണെന്നു തെളിഞ്ഞാൽ ഏത് ശിക്ഷയും സ്വീകരിക്കാൻ തയാറാണ്.
സംവിധായകന്റെയും നിർമാതാവിന്റെയും അതിലെ നായകന്റെയും കൂട്ടായ തീരുമാനത്തോടെയാണ് അവർ സിനിമയിലെ 17 ഭാഗങ്ങൾ നീക്കം ചെയ്തത്. അത് അവരുടെ തീരുമാനമായിരുന്നു. എന്നാൽ രാഷ്ട്രീയക്കാർ അതൊരു ആയുധമാക്കി മാറ്റി എന്റെ പാർട്ടിയെ ലക്ഷ്യം വച്ച് ആക്രമിച്ചു. എമ്പുരാനെ കുറിച്ച് സംസാരിക്കുന്നവര്‍ ടിപി 51 റിലീസ് ചെയ്യാന്‍ ധൈര്യം കാട്ടുമോ?.’’ സുരേഷ് ഗോപി ചോദിച്ചു.
സിപിഎം അംഗം ജോൺ ബ്രിട്ടാസിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടിയാണ് ബഹളത്തിലേക്കു നയിച്ചത്. ബിജെപി എമ്പുരാനിലെ ‘മുന്ന’യാണെന്ന് ബ്രിട്ടാസ് പറഞ്ഞതോടെയാണ് സുരേഷ് ഗോപി പ്രസംഗിക്കാൻ എഴുന്നേറ്റത്.‘‘എമ്പുരാന്‍ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ മുന്നയെ ഇവിടെ കാണാം. ബിജെപിയുടെ ബെഞ്ചില്‍ കാണാം. ഈ മുന്നയെ മലയാളിയും കേരളവും തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ട് പൂട്ടിക്കും. ഒരു തെറ്റ് പറ്റി മലയാളിക്ക്. വൈകാതെ ആ തെറ്റ് തിരുത്തും.’’–ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകളാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്