ആരും ഭയക്കുന്ന പുലിയറയിലേക്കുള്ള നായക കഥാപാത്രത്തിന്റെ യാത്രയും അനുഭവങ്ങളും തിരിച്ചറിവുമാണ് സിക്കാഡ. മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന സിനിമാ സംവിധായകൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും ആദ്യ ശ്രമത്തിൽ തന്നെ ഹിറ്റടിക്കുമെന്നാണ് തിയേറ്ററുകളിലെ ഹൗസ്ഫുൾ ബോർഡുകൾ സൂചിപ്പിക്കുന്നത്.
10 വർഷങ്ങൾക്കു ശേഷം നടൻ രജത് മലയാളത്തിൽ തിരിച്ചെത്തുന്ന നായക കഥാപാത്രം ജോയുടെ നേരത്തോട് നേരം തീരുന്ന യാത്രയും, ഉടനീളം നേരിടേണ്ടിവരുന്ന അപ്രതീക്ഷിത പ്രതിസന്ധികളുമാണ് ഒറ്റവാക്യത്തിൽ പറഞ്ഞാൽ സിക്കാഡയുടെ പ്രമേയം. സർവൈവർ ത്രില്ലർ ജോണറിൽ പെടുന്ന ചിത്രത്തിൽ മിസ്റ്ററിയും
സസ്പെൻസും ത്രില്ലും ട്വിസ്റ്റും ഒക്കെ ആവോളമുണ്ട്.
കാടിനെ അതേപോലെ സിനിമയിലേക്ക് ഒപ്പിയെടുത്ത മഞ്ഞുമ്മൽ ബോയ്സ്, ചുരുളി, അജഗജാന്തരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പേരെടുത്ത ഫസൽ എ ബക്കറുടെ ഓഡിയോഗ്രാഫിയും നവീന്‍ രാജിന്റെ ക്യാമറ വർക്കും വലിയ കയ്യടി അർഹിക്കുന്നുണ്ട്.
പ്രകൃതിയാണ് സിനിമയിലെ പ്രധാന ഘടകം. ഒരൊറ്റ ദിവസത്തെ നായകന്റെ കാട്ടിലൂടെയുള്ള യാത്രയും പുറത്തു കടക്കുമ്പോഴുള്ള ഉൾത്തിരുത്തലുകളുമാണ് സിനിമയുടെ ഒഴുക്ക്. കഥ പുരോഗമിക്കുന്നതിനനുസരിച്ച് കാടിന്റെ ഭാവവും സ്വഭാവവും മാറുന്നതായി കാണാം.
പുലിയറയിലെ ആരും ഭയക്കുന്ന കൂറ്റന്റെ കോട്ടയിലേക്കുള്ള നായകന്റെ കാലെടുത്തുവെപ്പും പിന്നീടങ്ങോട്ട് അരങ്ങേറുന്ന സത്യവും മിഥ്യയും വേർതിരിച്ച് അറിയാൻ കഴിയാത്ത ഒരു സിനിമാറ്റിക് അനുഭവമാണ് സിക്കാഡ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സ്ഥിരം വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ജെയിംസ് ജോസിന്റെ കൂറ്റൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ ഒഴുക്ക്.
വലിച്ചുകീറാൻ കാത്തിരിക്കുന്ന വേട്ട മൃഗങ്ങളും, കാട്ടിൽ അകപ്പെട്ടവരെ വഴിതെറ്റിക്കുന്ന പ്രകൃതിയും, നന്മയും തിന്മയും അറിവും തിരിച്ചറിവും എല്ലാം സിക്കാഡയിൽ കാണാം. സംവിധായകൻ ശ്രീജിത്ത് തന്നെ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഒന്നിനോടൊന്ന് വ്യത്യസ്തപ്പെട്ട തന്റെ ഹിറ്റുകളുടെ പട്ടികയിലേക്ക് ചേർത്തുവയ്ക്കാൻ കഴിയുന്ന പാട്ടുകളാണ് ചിത്രത്തിനായി ശ്രീജിത്ത് ഒരുക്കിയിരിക്കുന്നത്.
കർമ്മ എന്ന ആശയത്തെ മുൻനിർത്തിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പതിയെ കാണികളിലേക്ക് പ്രവേശിക്കുന്ന ചിത്രത്തിന്റെ സെക്കൻഡ് ഹാഫിന് ശേഷമുള്ള ഭാഗം അങ്ങേയറ്റം എൻഗേജിങ്ങുമാണ്. പ്രേക്ഷകരെ പേടിപ്പിക്കാനും ത്രില്ലടിപ്പിക്കാനും സംവിധായകനും കൂട്ടർക്കും നിഷ്പ്രയാസം കഴിഞ്ഞു എന്ന് തന്നെ പറയാം. കൂടാതെ ടെയിൽ എൻഡിൽ ഒളിപ്പിച്ച സസ്പെൻസും ചിത്രത്തെ നിർബന്ധമായും തിയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രം എന്ന് പ്രേക്ഷകരെ കൊണ്ട് തന്നെ പറയിക്കുന്നുണ്ട്.
ക്ലീഷേ നായക കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായ കഥാപാത്ര നിർമിതിയും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ മറ്റൊരു അട്രാക്ഷൻ പോയിന്റ്. ചിത്രത്തിന്റെ കാസ്റ്റിംഗ് ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഭൂരിഭാഗം പേരും തുടക്കക്കാർ ആണെങ്കിലും എവിടെയും മുഴച്ചു നിൽക്കാത്ത പ്രകടനങ്ങളാണ് ചിത്രത്തിന്റെ മികവ്. മലയാള സിനിമ അധികം എക്സ്പ്ലോർ ചെയ്യാത്ത വന സൗന്ദര്യവും സിനിമയുടെ അട്രാക്ഷൻ പോയിന്റ് ആണ്.
തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക. മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്.
ഷൈജിത്ത് കുമരന്‍ ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്