Spread the love

തിരൂർ∙ മലപ്പുറം ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ പരിശോധന നടത്തുന്നതിനിടെ ഭൂഗർഭ നിലയിലേക്കു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരണപ്പെട്ടു. ചാലക്കുടി വെട്ടുകടവ് തോപ്പിൽ ആന്റോയുടെ ഭാര്യ ടി.ജെ. മിനി (48) ആണ് മരിച്ചത്. പുതിയ ഓങ്കോളജി ബ്ലോക്കിനായി നിർമിച്ച കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ആശുപത്രിയിലെ കാൻസർ വാർഡ് ഈ കെട്ടിടത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായി നഴ്സിങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്സ് എന്നിവർക്കൊപ്പം പരിശോധനയ്ക്ക് വന്നതായിരുന്നു.

ഗ്രൗണ്ട് ഫ്ലോറിലെ പരിശോധനയ്ക്കിടെ ഭൂഗർഭ നിലയിലേക്കുള്ള പടികളില്ലാത്ത ഭാഗത്തെ വാതിൽ തുറന്ന് അബദ്ധത്തിൽ കാലെടുത്ത് വയ്ക്കുകയായിരുന്നു. ഇതോടെ 8 മീറ്റർ താഴ്ചയിലേക്ക് വീണു. ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

തലയോട്ടിക്കുള്ളിലും വയറിനുള്ളിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ രാത്രി ഒന്നരയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. നടപടി ക്രമങ്ങൾക്കു ശേഷം ഇന്നു ജില്ലാ ആശുപത്രിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് നാട്ടിലേക്കു കൊണ്ടുപോകും. 2 വർഷമായി ജില്ലാ ആശുപത്രിയിൽ ഹെഡ് നഴ്സാണ് മിനി. പുതിയ സ്ഥലം മാറ്റപ്പട്ടികയിൽ പേരുണ്ടായിരുന്നു.

മക്കൾ: ജോയൽ, ഏയ്ഞ്ചൽ. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചക്ക് 12ന് ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.

Leave a Reply