Spread the love

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു

മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകു കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഗംബൂട്ട്, ഗ്ലൗസ് മുതലായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്.

വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല. അവര്‍ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും ചെയ്യണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

Leave a Reply